ലണ്ടനിലെ സൈക്കോളജി ബിരുദധാരി അന്താരാഷ്ട്ര കൊക്കെയ്ൻ രാജാവായി! നവി മുംബൈ സ്വദേശി നവിൻ ചിച്ച്കറിനെ മലേഷ്യയിൽ നിന്ന് പൊക്കി എൻസിബി, 200 കോടിയുടെ മയക്കുമരുന്ന് വേട്ട!

by WhatsUp Mumbai

മുംബൈ: ലണ്ടനിൽ ഉപരിപഠനം, സൈക്കോളജിയിൽ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം, കൈനിറയെ ശമ്പളമുള്ള ലക്ഷങ്ങളുടെ ജോലി… ഈ പകിട്ടുകളെല്ലാം ഉപേക്ഷിച്ചാണ് നവി മുംബൈ സ്വദേശിയായ മുപ്പത്തിരണ്ടുകാരൻ അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുടെ അധോലോക ചക്രവർത്തിയായി മാറിയത്. നവി മുംബൈയിൽ നിന്നും മലേഷ്യയും തായ്‌ലൻഡും കേന്ദ്രീകരിച്ച് കോടികളുടെ കൊക്കെയ്ൻ ശൃംഖല നിയന്ത്രിച്ചിരുന്ന നവിൻ ചിച്ച്കർ എന്ന രാജ്യാന്തര മയക്കുമരുന്ന് തലവനെ ഒടുവിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (NCB) വലയിലാക്കി.

ഓസ്‌ട്രേലിയയിലേക്ക് കടത്താൻ ശ്രമിച്ച പ്രൊജക്ടറിനുള്ളിൽ ഒളിപ്പിച്ച നിലയിലുള്ള 200 ഗ്രാം ഉയർന്ന നിലവാരമുള്ള കൊക്കെയ്ൻ എൻസിബി പിടികൂടിയതാണ് ഈ വൻ മാഫിയയുടെ തകർച്ചയ്ക്ക് വഴിവെച്ചത്. തുടർന്ന് നവി മുംബൈയിൽ നടത്തിയ അന്വേഷണത്തിൽ നവിന്റെ പ്രധാന കൂട്ടാളിയും കുട്ടിക്കാലത്തെ സുഹൃത്തുമായ ജയകൃഷ്ണ ഗോപകുമാർ പിടിയിലായി. ഇവരിൽ നിന്നും 200 കോടി രൂപ വിലമതിക്കുന്ന 12 കൊക്കെയ്ൻ കട്ടകൾ, ഹൈഡ്രോപോണിക് കഞ്ചാവ്, കഞ്ചാവ് ഗമ്മികൾ എന്നിവയാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ജയകൃഷ്ണനെ ചോദ്യം ചെയ്തപ്പോഴാണ് എൻസിബിക്ക് പോലും അജ്ഞാതമായിരുന്ന നവിൻ ചിച്ച്കറിന്റെ അധോലോക സാമ്രാജ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്.

2021-ൽ നേപ്പാൾ അതിർത്തി വഴി ഇന്ത്യ വിട്ട നവിൻ യുഎഇ, യുകെ, തായ്‌ലൻഡ് എന്നിവിടങ്ങളിലേക്ക് കടക്കുകയായിരുന്നു. 2023-ൽ തായ്‌ലൻഡിൽ നടന്ന ഒരു കഞ്ചാവ് പ്രദർശനത്തിൽ വെച്ചാണ് അമേരിക്കൻ മയക്കുമരുന്ന് വ്യാപാരിയായ കാസിം ഹുസൈനെ നവിൻ പരിചയപ്പെടുന്നത്. കാസിം വഴി പിന്നീട് മുഹമ്മദ് അലി എന്ന മറ്റൊരു യുഎസ് ബന്ധവും നവിന് ലഭിച്ചു. ഇതോടെ അമേരിക്കയിൽ നിന്നും ഉയർന്ന നിലവാരമുള്ള കൊക്കെയ്ൻ നേരിട്ട് വാങ്ങി അന്താരാഷ്ട്ര വിപണിയിൽ വിതരണം ചെയ്യുന്ന ശൃംഖല ഇയാൾ കെട്ടിപ്പടുത്തു. കസ്റ്റംസ് ക്ലിയറിങ് ഏജന്റായ ഹർഷ് ജോഷി എന്നയാളെ കൂട്ടുപിടിച്ച് വ്യോമമാർഗ്ഗമുള്ള കാർഗോ വഴിയായിരുന്നു നവിൻ മയക്കുമരുന്ന് കടത്തിയിരുന്നത്. യുഎസിൽ നിന്നും കളിപ്പാട്ടങ്ങൾക്കുള്ളിൽ കഞ്ചാവും കൊക്കെയ്നും ഒളിപ്പിച്ച് 12 വലിയ കൺസൈൻമെന്റുകളാണ് ഇവർ മുംബൈയിൽ എത്തിച്ചത്.

എൻസിബിയുടെ അതീവ രഹസ്യമായ നീക്കങ്ങൾക്കൊടുവിൽ മെയ് 28-ന് മലേഷ്യയിൽ വെച്ചാണ് നവിൻ ചിച്ച്കർ പിടിയിലാവുന്നത്. തുടർന്ന് ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു. ഇതിന് പിന്നാലെ മലേഷ്യയിൽ നിന്നും മുംബൈ വിമാനത്താവളത്തിൽ ഇറങ്ങിയ നവിന്റെ സഹോദരൻ ധീരജ് ചിച്ച്കറിനെയും എൻസിബി പൊക്കി. നവിന്റെ ശൃംഖലയുടെ ആഴം കണ്ടെത്താൻ എൻസിബി ചോദ്യം ചെയ്യൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. മയക്കുമരുന്ന് ഇടപാടിലൂടെ ഇയാൾ സമ്പാദിച്ച കള്ളപ്പണത്തെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ED) അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

You may also like