മുംബൈ: ബംഗാളി സാഹിത്യത്തിന്റെ അമൃതകണങ്ങളെ മലയാളക്കരയ്ക്ക് സമ്മാനിച്ച പ്രശസ്ത വിവർത്തക ലീല സർക്കാരിന് ആദരവുമായി മുംബൈയിലെ സാംസ്കാരിക കൂട്ടായ്മ. മലയാളഭാഷാ പ്രചാരണ സംഘം നവി മുംബൈ മേഖലയുടെ നേതൃത്വത്തിലാണ് ലീല സർക്കാരിന്റെ വസതിയിലെത്തി ഈ അതുല്യ പ്രതിഭയെ ആദരിച്ചത്. കേരള, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ലീല സർക്കാരിന്റെ നവി മുംബൈ നെരൂൾ സെക്ടർ 19-ലെ ‘നീൽ സിദ്ധി അറ്റ്‌ലാന്റിസ്’ അപ്പാർട്ട്മെന്റിലെ സ്വീകരണമുറി ഇതോടെ ഹൃദ്യമായൊരു സാംസ്കാരിക സംഗമവേദിയായി മാറി.
പ്രശസ്ത ബംഗാളി എഴുത്തുകാരൻ ശരദിന്ദു ബന്ദോപാധ്യായയുടെ ലോകപ്രശസ്തമായ ‘വ്യോമകേഷ് ബക്ഷി’ കഥകളുടെ മലയാള പരിഭാഷ പ്രകാശനം ചെയ്തുകൊണ്ടായിരുന്നു ചടങ്ങുകളുടെ തുടക്കം. 92-ാം ജന്മദിനത്തിന്റെ മധുരം പങ്കുവെച്ച് ലീല സർക്കാർ കേക്ക് മുറിച്ചപ്പോൾ, പൊന്നാടയണിയിച്ചും സ്മരണിക സമർപ്പിച്ചുമാണ് മലയാളഭാഷാ പ്രചാരണ സംഘം പ്രവർത്തകർ തങ്ങളുടെ സ്നേഹാദരങ്ങൾ അറിയിച്ചത്. ബിരുദ വിദ്യാർത്ഥി കാവ്യ മുതൽ രുക്മിണി സാഗർ വരെയുള്ള വിവിധ തലമുറകളിൽപ്പെട്ട ഭാഷാസ്നേഹികൾ ഈ അപൂർവ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.
ദ്വിഭാഷയിലും വിവർത്തന ശാഖയിലും തനിക്ക് പ്രാവീണ്യം നേടാൻ ഇടയായ സാഹചര്യങ്ങളെക്കുറിച്ചും കടന്നുവന്ന വഴികളെക്കുറിച്ചും ലീല സർക്കാർ മനസ്സ് തുറന്നപ്പോൾ സദസ്സ് അത് കൗതുകത്തോടെയാണ് കേട്ടിരുന്നതെന്ന് സംഘാടകർ പറഞ്ഞു. മലയാളഭാഷാ പ്രചാരണ സംഘം നവി മുംബൈ മേഖല പ്രസിഡന്റ് മിനി അനിൽപ്രകാശ്, സെക്രട്ടറി ജയനാരായണൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
പ്രവർത്തകരായ രുക്മിണി സാഗർ, രമ എസ്. നായർ, ജയപ്രകാശ് പി.ഡി, അനിൽപ്രകാശ്, സനൽ കുമാർ, രതീഷ് ബാബു, ബേബി ദാമോദരൻ, ഉണ്ണിക്കൃഷ്ണൻ, പ്രണവ് ജയപ്രകാശ്, ഋചീക്, കാവ്യ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ച് ലീല സർക്കാരിന്റെ അനുഗ്രഹം വാങ്ങിയാണ് മടങ്ങിയത്. ഒട്ടനവധി അനശ്വര ബംഗാളി കൃതികളെ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി ഇരു ഭാഷകളെയും പരസ്പരം ബന്ധിപ്പിച്ച ഈ സാംസ്കാരിക നായികയ്ക്കുള്ള ആദരം വലിയ ശ്രദ്ധ നേടുകയാണ്.