മുംബൈ: മഹാരാഷ്ട്ര നിയമനിർമ്മാണ കൗൺസിൽ (എം.എൽ.സി) തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡി (എം.വി.എ) പൂർത്തിയാക്കി. ജൂൺ 18-ന് നടക്കുന്ന നിർണ്ണായക പോരാട്ടത്തിൽ ആകെ ഒൻപത് 17 സീറ്റുകളിൽ എട്ടെണ്ണത്തിലും കോൺഗ്രസ് ആണ് ജനവിധി തേടുക. സഖ്യത്തിലെ മറ്റ് കക്ഷികളായ ശിവസേന (ഉദ്ധവ് വിഭാഗം) ആറ് സീറ്റുകളിലും ശരദ് പവാറിന്റെ എൻ.സി.പി മൂന്ന് സീറ്റുകളിലും മത്സരിക്കാൻ ധാരണയായതായി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഹർഷവർദ്ധൻ സപ്കൽ അറിയിച്ചു.
തർക്കങ്ങളില്ലാതെ പ്രതിപക്ഷം സീറ്റ് വിഭജനം പൂർത്തിയാക്കിയപ്പോൾ, ഭരണപക്ഷമായ മഹായുതി സഖ്യത്തിൽ (ബി.ജെ.പി-ഷിൻഡെ ശിവസേന-അജിത് പവാർ എൻ.സി.പി) ഇപ്പോഴും സീറ്റുകളെച്ചൊല്ലിയുള്ള വടംവലി തുടരുകയാണ്. ഛത്രപതി സംഭാജിനഗർ-ജാൽന സീറ്റാണ് ഭരണപക്ഷത്ത് പ്രധാന തർക്കവിഷയം. നിലവിലെ ചർച്ചകൾ അനുസരിച്ച് ബി.ജെ.പി 10 അല്ലെങ്കിൽ 11 സീറ്റുകളിലും ഷിൻഡെ വിഭാഗം നാല് സീറ്റുകളിലും എൻ.സി.പി രണ്ട് സീറ്റുകളിലും മത്സരിക്കാനാണ് സാധ്യത.
ചന്ദ്രപൂർ, യവത്മാൽ, ഭണ്ഡാര, അമരാവതി, അഹല്യാനഗർ, സോലാപൂർ, ധാരാശിവ് എന്നിവയ്ക്ക് പുറമെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നാഗ്പൂർ സീറ്റിലുമാണ് കോൺഗ്രസ് മത്സരിക്കുന്നത്. ശിവസേന (യു.ബി.ടി) റായ്ഗഡ്, ജൽഗാവ്, പർഭാനി-ഹിംഗോലി, ഛത്രപതി സംഭാജിനഗർ, നന്ദേഡ്, നാസിക് എന്നീ മണ്ഡലങ്ങളിലും എൻ.സി.പി (ശരദ് പവാർ) പുണെ, താനെ, സാംഗ്ലി-സത്താറ സീറ്റുകളിലും ജനവിധി തേടും. പ്രാദേശിക ഭരണകൂടങ്ങളിലെ ജനപ്രതിനിധികളാണ് ഈ തിരഞ്ഞെടുപ്പിലെ വോട്ടർമാർ.
അതേസമയം, തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഭരണപക്ഷമായ ബി.ജെ.പി വൻതോതിൽ പണമൊഴുക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ ഹർഷവർദ്ധൻ സപ്കൽ ആരോപിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ കൗൺസിലർമാരെ അഡ്വാൻസ് തുക നൽകി സ്വാധീനിക്കാൻ ശ്രമം നടക്കുകയാണെന്നും ജനാധിപത്യത്തെ പണക്കൊഴുപ്പ് കൊണ്ട് നേരിടാനാണ് മഹായുതി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 1-നാണ്. ജൂൺ 2-ന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 4-ആണ്. ജൂൺ 18-ന് നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം ജൂൺ 22-ന് പ്രഖ്യാപിക്കും.