മുംബൈ: പ്രായമായ മാതാപിതാക്കളുടെ മനസ്സമാധാനം സംരക്ഷിക്കാൻ വേണ്ടി മാത്രം ഒരു സ്ത്രീയെ ഭർത്താവിന്റെ വീട്ടിൽനിന്ന് ഇറക്കിവിട്ട് വഴിയാധാരമാക്കാൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. മുതിർന്ന പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങൾ സ്ത്രീകളുടെ അവകാശങ്ങളെ ഹനിക്കാൻ ഉപയോഗിക്കരുതെന്നും കോടതി വ്യക്തമാക്കി. പ്രായമായ മാതാപിതാക്കളുടെ വീട്ടിൽനിന്ന് മകനെയും മരുമകളെയും ഒഴിപ്പിക്കാൻ മെയിന്റനൻസ് ട്രിബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടാണ് ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം.
വിവാഹമോചനക്കേസുകളിലും കുടുംബവഴക്കുകളിലും അകപ്പെടുന്ന ലക്ഷക്കണക്കിന് സ്ത്രീകൾക്ക് വലിയ ആശ്വാസമേകുന്നതാണ് ജസ്റ്റിസ് സന്ദീപ് മർനെയുടെ സിംഗിൾ ബെഞ്ചിന്റെ ഈ വിധി. മുതിർന്ന പൗരന്മാർക്ക് സ്വന്തം വീട്ടിൽ സമാധാനത്തോടെ ജീവിക്കാൻ അവകാശമുണ്ട് എന്നതിൽ തർക്കമില്ല. എന്നാൽ ഇതിന്റെ പേരിൽ, ഗാർഹിക പീഡന നിരോധന നിയമപ്രകാരം (DV Act) ഒരു സ്ത്രീക്ക് ലഭിക്കേണ്ട അവകാശങ്ങൾ ഇല്ലാതാക്കാൻ സീനിയർ സിറ്റിസൺസ് ആക്ട് ഒരു ആയുധമാക്കരുതെന്ന് കോടതി ഓർമ്മിപ്പിച്ചു.
1997-ൽ വിവാഹിതയായ ഒരു സ്ത്രീ തന്റെ ഭർതൃമാതാവിന്റെ പേരിലുള്ള ഫ്ലാറ്റിലായിരുന്നു താമസം. ദാമ്പത്യ കലഹങ്ങളെ തുടർന്ന്, മകനും മരുമകളും തങ്ങളെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് വൃദ്ധദമ്പതികൾ മെയിന്റനൻസ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. തുടർന്ന് 2023 സെപ്റ്റംബറിൽ ട്രിബ്യൂണൽ ഈ ദമ്പതികളോട് വീടൊഴിയാൻ ഉത്തരവിട്ടു. എന്നാൽ ട്രിബ്യൂണലിന്റെ ഈ ഉത്തരവ് തന്നെ വീട്ടിൽനിന്ന് പുറത്താക്കാനുള്ള ഭർത്താവിന്റെയും മാതാപിതാക്കളുടെയും ഒരു തന്ത്രമായിരുന്നുവെന്ന് സ്ത്രീ കോടതിയിൽ ചൂണ്ടിക്കാട്ടി.
*വീടൊഴിയാതെ* *ഭർത്താവ്* ; *കെണിയൊരുക്കിയത്* *മരുമകൾക്ക്* *മാത്രം* !
ട്രിബ്യൂണൽ ഉത്തരവ് വന്നിട്ടും അത് ചോദ്യം ചെയ്യാനോ വീടൊഴിയാനോ ഭർത്താവ് തയ്യാറായില്ലെന്നും അവൻ മാതാപിതാക്കളോടൊപ്പം അതേ വീട്ടിൽ താമസം തുടരുകയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മരുമകളെ മാത്രം വീട്ടിൽനിന്ന് ഇറക്കിവിടാൻ വേണ്ടിയാണ് ഈ ഒഴിപ്പിക്കൽ നാടകം കളിച്ചതെന്ന് ഇതിലൂടെ വ്യക്തമാണെന്ന് കോടതി വിലയിരുത്തി. മറ്റെങ്ങും പോകാനില്ലാത്ത ആ സ്ത്രീയെ വൃദ്ധജനങ്ങളുടെ മനസ്സമാധാനത്തിന്റെ പേരിൽ മാത്രം തെരുവിലേക്ക് തള്ളാനാകില്ലെന്ന് കോടതി ഉറപ്പിച്ചു പറഞ്ഞു.
മുതിർന്ന പൗരന്മാരുടെ അവകാശങ്ങളും സ്ത്രീകളുടെ അവകാശങ്ങളും തമ്മിൽ തർക്കമുണ്ടാകുമ്പോൾ സമഗ്രമായ വിലയിരുത്തലാണ് വേണ്ടതെന്നും ഒരു വിഭാഗത്തിന്റെ അവകാശം മാത്രം ഒറ്റപ്പെടുത്തി കാണരുതെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു. സ്ത്രീക്ക് ഭർതൃഗൃഹത്തിൽ താമസിക്കാനുള്ള അവകാശത്തെക്കുറിച്ചുള്ള കേസ് ഫാമിലി കോടതിയുടെ പരിഗണനയിലായതിനാൽ, അതിൽ അന്തിമ തീരുമാനമുണ്ടാകുന്നത് വരെ സ്ത്രീക്ക് അതേ വീട്ടിൽ തുടരാമെന്ന് വ്യക്തമാക്കിയ കോടതി ട്രിബ്യൂണലിന്റെ ഉത്തരവ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഭർതൃഗൃഹമെന്നത് സ്ത്രീയുടെ അന്തസ്സിന്റെയും സുരക്ഷിതത്വത്തിന്റെയും ഇടമാണെന്ന് അടിവരയിടുന്നതാണ് ഹൈക്കോടതിയുടെ ഈ ചരിത്രവിധി.