മുംബൈ: മഹാനഗരത്തിന്റെ തെരുവുകൾ ഇനി വൃത്തിഹീനമാക്കാൻ നോക്കേണ്ട, കൈയോടെ പിടികൂടാൻ വൻ സന്നാഹവുമായി ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി). പൊതുസ്ഥലങ്ങളിലും റോഡുകളിലും തുപ്പുന്നവർക്കും മാലിന്യം തള്ളുന്നവർക്കുമെതിരെ പിഴശിക്ഷ കടുപ്പിച്ചിരിക്കുകയാണ് അധികൃതർ. പുതിയ ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളിൽ തുപ്പിയാൽ 350 രൂപയും, അലക്ഷ്യമായി മാലിന്യം വലിചെറിഞ്ഞാൽ 500 രൂപയുമാണ് പിഴ ഈടാക്കുക.
നഗരത്തിന്റെ ശുചിത്വം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ബിഎംസി കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്. നിയമലംഘകരെ നിരീക്ഷിക്കാനും പിടികൂടാനുമായി നഗരത്തിലെ 24 വാർഡുകളിലായി 350 ജൂനിയർ സൂപ്പർവൈസർമാരെയാണ് പ്രത്യേകമായി നിയോഗിച്ചിരിക്കുന്നത്. ഇവരുടെ കൺവെട്ടത്തിൽ പെട്ടാൽപ്പിന്നെ രക്ഷയില്ല.
പൊതുസ്ഥലങ്ങൾ മലിനമാക്കുന്ന പ്രവണത പൂർണ്ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് ബിഎംസി അധികൃതർ വ്യക്തമാക്കി. മുംബൈയെ വൃത്തിയായി സൂക്ഷിക്കാൻ എല്ലാ ജനങ്ങളും സഹകരിക്കണമെന്നും റോഡിൽ തുപ്പുന്നതും മാലിന്യങ്ങൾ വലിച്ചെറിയുന്നതും പോലുള്ള ശീലങ്ങൾ പൂർണ്ണമായും ഒഴിവാക്കണമെന്നും കോർപ്പറേഷൻ അഭ്യർത്ഥിച്ചു. ശുചിത്വപാലനത്തിൽ വിട്ടുവീഴ്ചയില്ലാത്ത ഈ ‘മുംബൈ മോഡൽ’ സമൂഹമാധ്യമങ്ങളിലും ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.