ഇന്ത്യ- ഒമാന്‍ വ്യാപാര സഹകരണം ശക്തിപ്പെടുത്താന്‍ ഇന്‍മെക് പ്രതിനിധികള്‍ കോണ്‍സല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി

by WhatsUp Mumbai

മുംബൈ: ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാര- സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിന് ഇന്‍ഡോ ഗള്‍ഫ് ആന്റ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് (ഇന്‍മെക്) പ്രതിനിധികള്‍ മുംബൈയിലെ ഒമാന്‍ കോൺസിലേറ്റിൽ  കോണ്‍സല്‍ ജനറല്‍ മഹ്ബൂബ് ഈസ അല്‍ റൈസിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ ഇന്‍മെക് ചെയര്‍മാന്‍ ഡോ. എന്‍ എം ഷറഫുദ്ദീന്‍, സെക്രട്ടറി ജനറല്‍ ഡോ. സുരേഷ്‌കുമാര്‍ മധുസൂദനന്‍, മഹാരാഷ്ട്ര ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് വി എസ് അബ്ദുല്‍ കരീം എന്നിവര്‍ പങ്കെടുത്തു. 

ഇന്ത്യ- ഒമാന്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സി.ഇ.പി.എ) അടിസ്ഥാനമാക്കി വ്യാപാരം, നിക്ഷേപം, ലോജിസ്റ്റിക്‌സ്, ടൂറിസം, മനുഷ്യവിഭവ സഹകരണം, ബിസിനസ് പങ്കാളിത്തങ്ങള്‍ എന്നിവ വിപുലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത്. ഇന്ത്യയിലെയും ഒമാനിലെയും സംരംഭകരും നിക്ഷേപകരും ഉള്‍പ്പെടുന്ന ബിസിനസ് സമൂഹങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള വിവിധ പദ്ധതികളും ചര്‍ച്ച ചെയ്തു.

അന്തര്‍ദേശീയ ബിസിനസ് ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ ഇന്‍മെക് വഹിക്കുന്ന പങ്കിനെ കോണ്‍സല്‍ ജനറല്‍ അഭിനന്ദിക്കുകയും ഭാവിയിലെ സംയുക്ത സംരംഭങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. ആഗസ്റ്റിൽ മുംബൈയിൽ നടക്കുന്ന ഇൻമെക് ബിസിനസ്സ് സമ്മിറ്റിൽ അദ്ദേഹം പങ്കെടുക്കാമെന്നും അറിയിച്ചു. സെപ്റ്റംബറില്‍ അദ്ദേഹം കേരളം സന്ദര്‍ശിക്കുമെന്നും അതിന്റെ ഭാഗമായി ഇന്ത്യ- ഒമാന്‍ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഇന്‍മെക് വിവിധ ബിസിനസ് മീറ്റിംഗുകളും സംവാദങ്ങളും സംഘടിപ്പിക്കുമെന്നും സെക്രട്ടറി ജനറൽ ഡോ. സുരേഷ് കുമാർ മധുസൂദനൻ അറിയിച്ചു.

യോഗം ഇന്ത്യയും ഒമാനും തമ്മിലുള്ള ചരിത്രപരവും സൗഹൃദപരവുമായ ബന്ധം വീണ്ടും ഊട്ടിയുറപ്പിക്കുകയും സാമ്പത്തിക- സാംസ്‌കാരിക സഹകരണം കൂടുതല്‍ വികസിപ്പിക്കാനുള്ള പരസ്പര പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.

You may also like