ഭീവണ്ടിയിൽ അധികാരികളുടെ അവഗണനക്കെതിരെ മൊബൈൽ ടവറിന് മുകളിൽ 36 മണിക്കൂർ ‘ഹൈ വോൾട്ടേജ്’ നാടകം; ഒടുവിൽ യുവാവിനെ താഴെയിറക്കി

by WhatsUp Mumbai

ഭീവണ്ടി: മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ നാടകീയ രംഗങ്ങൾക്കൊടുവിൽ മൊബൈൽ ടവറിന് മുകളിൽ യുവാവ് നടത്തിയ 36 മണിക്കൂർ നീണ്ട പ്രതിഷേധത്തിന് ശുഭപര്യവസായം. പിംപൽഘർ പ്രദേശത്തെ 150 അടി ഉയരമുള്ള മൊബൈൽ ടവറിന് മുകളിലാണ് ശ്യാം ഗെയ്‌ക്‌വാദ് എന്ന യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി പ്രതിഷേധിച്ചത്. ഒടുവിൽ പൊലീസും ഫയർഫോഴ്‌സും നടത്തിയ മണിക്കൂറുകൾ നീണ്ട അനുനയ ചർച്ചകൾക്കും രക്ഷാപ്രവർത്തനത്തിനുമൊടുവിൽ വെള്ളിയാഴ്ച ഇയാളെ സുരക്ഷിതമായി താഴെയിറക്കി.

യവത്മാൽ ജില്ലയിലെ ഇസാപൂർ ഗ്രാമവാസിയായ ശ്യാം, കഴിഞ്ഞ ബുധനാഴ്ചയാണ് ആരും കാണാതെ ടവറിന് മുകളിൽ കയറിപ്പറ്റിയത്. തന്റെ കുടുംബസ്വത്തുമായി ബന്ധപ്പെട്ട തർക്കത്തിൽ സർക്കാർ അധികാരികളിൽ നിന്ന് നീതി ലഭിക്കാത്തതിലും ഉദ്യോഗസ്ഥരുടെ അവഗണനയിലും പ്രതിഷേധിച്ചായിരുന്നു ഇയാളുടെ ഈ കടുംകൈ. ടവറിന് മുകളിൽ കയറിയ ഉടൻ തന്നെ തന്റെ കൈവശമുണ്ടായിരുന്ന ഭൂമിസംബന്ധമായ രേഖകൾ ഇയാൾ താഴേക്ക് എറിഞ്ഞിരുന്നു.

യുവാവ് ടവറിന് മുകളിൽ കയറിയ വാർത്ത പരന്നതോടെ പ്രദേശത്ത് വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. റോഡിലൂടെ കടന്നുപോയ യാത്രക്കാരും നാട്ടുകാരുമടക്കം നൂറുകണക്കിന് ആളുകൾ ആശങ്കയോടെ ടവർ പരിസരത്ത് നിലയുറപ്പിച്ചു. വിവരമറിഞ്ഞ് കോൺ ഗാവ് പൊലീസും ഫയർഫോഴ്സും ഉടനടി സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മെഗാഫോണുകളിലൂടെയും ലൗഡ്‌സ്പീക്കറുകളിലൂടെയും ഉദ്യോഗസ്ഥർ നിരന്തരം യുവാവുമായി ആശയവിനിമയം നടത്തുകയും താഴെയിറങ്ങാൻ അഭ്യർത്ഥിക്കുകയും ചെയ്തു.

കടുത്ത കാലാവസ്ഥയെയും കത്തുന്ന വെയിലിനെയും അവഗണിച്ച് ഒന്നര ദിവസത്തോളമാണ് യുവാവ് ടവറിന് മുകളിൽ കഴിച്ചുകൂട്ടിയത്. ഒടുവിൽ, ഭൂമി തർക്കത്തിൽ അടിയന്തരമായി ഇടപെടാമെന്നും ഉചിതമായ നടപടി സ്വീകരിക്കാമെന്നും അധികൃതർ നൽകിയ ഉറപ്പിന്മേൽ വെള്ളിയാഴ്ചയോടെ ഇയാൾ താഴേക്ക് ഇറങ്ങാൻ സമ്മതിക്കുകയായിരുന്നു.

താഴെയിറക്കിയ ഉടൻ തന്നെ ശ്യാമിനെ ഭീവണ്ടിയിലെ ഇന്ദിരാഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക വൈദ്യപരിശോധനയിൽ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം യുവാവിനെ ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക് പറഞ്ഞയച്ചു. വൻ ദുരന്തം ഒഴിവാക്കാൻ ക്ഷമയോടെയും സമർത്ഥമായും ഇടപെട്ട പൊലീസിനെയും രക്ഷാപ്രവർത്തകരെയും നാട്ടുകാർ അഭിനന്ദിച്ചു.

You may also like