സിനിമയെ വെല്ലുന്ന രക്ഷപ്പെടൽ: രാജധാനി എക്സ്പ്രസിൽ നിന്ന് പൊലീസിനെ വെട്ടിച്ച് ചാടിയ മുക്കം സ്വദേശിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു; വ്യാപക തിരച്ചിൽ

by WhatsUp Mumbai

​കോഴിക്കോട്: മുക്കം സ്റ്റേഷൻ പരിധിയിൽ നിന്ന് മൂന്ന് കിലോ എം.ഡി.എം.എ (MDMA) യുമായി പിടിയിലായ കുപ്രസിദ്ധ മയക്കുമരുന്ന് കേസ് പ്രതി ഓടുന്ന രാജധാനി എക്സ്പ്രസ് ട്രെയിനിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. കോഴിക്കോട് മുക്കം നീലേശ്വരം പുല്ലാമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫ (38) ആണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്. ഇയാൾക്കായി കേരള പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

കഴിഞ്ഞ മെയ് 22-ന് അർദ്ധരാത്രിയോടെ ഗുജറാത്തിലെ സൂരത്തിനും വഡോദരയ്ക്കും ഇടയിൽ വച്ചായിരുന്നു സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ. കേസിന്റെ ആവശ്യങ്ങൾക്കായി പ്രതിയുമായി പൊലീസ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. വഡോദരയ്ക്ക് സമീപം എത്തിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരെ അപ്രതീക്ഷിതമായി തള്ളിമാറ്റിയാണ് ഹനീഫ രക്ഷപ്പെട്ടത്. മുക്കത്ത് രജിസ്റ്റർ ചെയ്ത രണ്ട് വ്യത്യസ്ത കേസുകൾ ഉൾപ്പെടെ നാലോളം മയക്കുമരുന്ന് കേസുകളിൽ പ്രതിയായ ഇയാൾ അതിർത്തി കടന്ന് പോകാതിരിക്കാൻ രാജ്യവ്യാപകമായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

രക്ഷപ്പെടുമ്പോൾ പ്രതിയുടെ വലതുകയ്യിൽ കൈവിലങ്ങ് ഉണ്ടായിരുന്നു. ഇത് ഏതെങ്കിലും തുണി കൊണ്ടോ തോർത്ത് കൊണ്ടോ ഒളിപ്പിച്ചുപിടിക്കാൻ സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. മലയാളത്തിന് പുറമെ ഹിന്ദി ഭാഷയും ഇയാൾക്ക് നന്നായി അറിയാം. ഏകദേശം 165 സെന്റിമീറ്റർ ഉയരവും 75 കിലോ തൂക്കവുമുള്ള സാധാരണ ശരീരപ്രകൃതിയാണ് മുഹമ്മദ് ഹനീഫയുടേത്. മൂക്കിന്റെ ഇടതുവശത്തുള്ള കറുത്ത മറുകും, വലത് പുരികത്തിന് മുകളിലുള്ള മുറിപ്പാടുമാണ് ഇയാളെ തിരിച്ചറിയാനുള്ള പ്രധാന അടയാളങ്ങൾ.

ഇയാളെ എവിടെയെങ്കിലും കണ്ടെത്തുകയോ സംശയാസ്പദമായ സാഹചര്യത്തിൽ കാണുകയോ ചെയ്താൽ തടഞ്ഞു വെച്ച് ഉടൻ തന്നെ വഡോദര പൊലീസിനെയോ കോഴിക്കോട് മുക്കം പൊലീസിനെയോ താഴെ പറയുന്ന നമ്പറുകളിലോ വിവരമറിയിക്കണമെന്ന് താമരശ്ശേരി ഡിവൈ.എസ്.പി അറിയിച്ചു. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കും.

ബന്ധപ്പെടേണ്ട നമ്പറുകൾ:

​താമരശ്ശേരി ഡിവൈ.എസ്.പി: 9497990122

​മുക്കം ഇൻസ്പെക്ടർ: 9497947245

​പ്രത്യേക അന്വേഷണ നമ്പറുകൾ: 9496252401 9979928449

​മുക്കം പൊലീസ് സ്റ്റേഷൻ: 0495 2297133

You may also like