മുംബൈ: ബോളിവുഡ് റോക്ക്‌സ്റ്റാർ രൺബീർ കപൂറിന്റെ മുംബൈയിലെ ആഡംബര അപ്പാർട്ട്മെന്റ് ഇനി പുതിയ താമസക്കാരന് സ്വന്തം. മുംബൈയിലെ അതിപ്രശസ്തമായ പാലി ഹില്ലിലുള്ള തന്റെ ലക്ഷ്വറി ഫ്ലാറ്റാണ് വൻ തുകയ്ക്ക് താരം വാടകയ്ക്ക് നൽകിയിരിക്കുന്നത്. പ്രതിമാസം 11 ലക്ഷം രൂപയാണ് ഈ ഫ്ലാറ്റിന്റെ വാടക! അഞ്ച് വർഷത്തെ കരാറിലാണ് ഫ്ലാറ്റ് നൽകിയിരിക്കുന്നത്.
ആദിത്യ ശുക്ല എന്നയാളാണ് ബോളിവുഡ് താരത്തിന്റെ ഈ സ്വപ്ന ഭവനം വാടകയ്‌ക്കെടുത്തിരിക്കുന്നത്. വാടക തുക പോലെ തന്നെ സെക്യൂരിറ്റി ഡെപ്പോസിറ്റും കേട്ടാൽ കണ്ണുതള്ളും; 45 ലക്ഷം രൂപയാണ് താരം അഡ്വാൻസായി വാങ്ങിയിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച വാടകക്കരാർ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തത്.
പാലി ഹില്ലിലെ പ്രശസ്തമായ ‘വാസ്തു’ ബിൽഡിങ്ങിന്റെ ഏഴാം നിലയിലാണ് 2,460 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ ആഡംബര അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. 2016-ൽ 35 കോടി രൂപ മുടക്കിയാണ് രൺബീർ ഈ ഫ്ലാറ്റ് സ്വന്തമാക്കിയത്. ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന്റെ ഭാര്യയും പ്രശസ്ത സെലിബ്രിറ്റി ഡിസൈനറുമായ ഗൗരി ഖാനാണ് ഈ ഫ്ലാറ്റിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തതെന്ന പ്രത്യേകതയുമുണ്ട്.
ഭാര്യയും നടിയുമായ ആലിയ ഭട്ടിനും മകൾ റാഹയ്ക്കുമൊപ്പം രൺബീർ കപൂർ കുടുംബത്തിന്റെ തറവാട് സ്വത്തായ ‘കൃഷ്ണരാജ് ബംഗ്ലാവ്’ പുതുക്കിപ്പണിത് അങ്ങോട്ട് താമസം മാറിയതോടെയാണ് പാലി ഹില്ലിലെ ഫ്ലാറ്റ് വാടകയ്ക്ക് നൽകാൻ തീരുമാനിച്ചത്. മുംബൈയിലെ ഏറ്റവും വിലപിടിപ്പുള്ള സെലിബ്രിറ്റി വസതികളിലൊന്നായ ഈ ബംഗ്ലാവിന് ഏകദേശം 250 കോടി രൂപയാണ് മൂല്യം കണക്കാക്കുന്നത്. അടുത്തിടെ സരയൂ നദീതീരത്ത് 3.31 കോടിയുടെ ആഡംബര പ്ലോട്ടും രൺബീർ സ്വന്തമാക്കിയിരുന്നു.