പീഡനത്തിനിരയായ 17-കാരിക്ക് താങ്ങായി ബോംബെ ഹൈക്കോടതി; ഗർഭച്ഛിദ്രത്തിന് അടിയന്തര അനുമതി നൽകി ചരിത്രവിധി!

by WhatsUp Mumbai

​മുംബൈ: സ്ത്രീയുടെ പ്രത്യുത്പാദന സ്വാതന്ത്ര്യവും സ്വന്തം ശരീരത്തിന്മേലുള്ള അവകാശവും (Bodily autonomy) പരമാധികാരമാണെന്ന് അടിവരയിട്ട് ബോംബെ ഹൈക്കോടതിയുടെ ചരിത്രപരമായ വിധിന്യായം. ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായി ഗർഭിണിയായ 17 വയസ്സുകാരിയായ പെൺകുട്ടിക്ക് ഗർഭച്ഛിദ്രം (Medical Termination of Pregnancy – MTP) നടത്താൻ കോടതി അനുമതി നൽകി. നിയമപരമായ പരിധികൾക്കപ്പുറം ഗർഭാവസ്ഥ നീണ്ടുപോയ സാഹചര്യത്തിലാണ്, പെൺകുട്ടിയുടെ മാനസിക-ശാരീരിക ആരോഗ്യവും ഭാവിയും മുൻനിർത്തി ജസ്റ്റിസുമാരടങ്ങിയ ഡിവിഷൻ ബെഞ്ച് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ അവളുടെ സമ്മതമില്ലാതെ അമ്മയാകാൻ നിർബന്ധിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. അതിക്രമത്തിലൂടെയുണ്ടായ ഗർഭധാരണം പെൺകുട്ടിക്ക് സമ്മാനിക്കുന്ന മാനസികാഘാതം ചെറുതല്ല. സ്വന്തം ശരീരത്തിൽ എന്ത് വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം പ്രായപൂർത്തിയായവർക്ക് മാത്രമല്ല, പ്രായപൂർത്തിയാകാത്ത പീഡനബാധിതർക്കും ഒരുപോലെ ബാധകമാണെന്നും, അത് തടയാൻ ആർക്കും അവകാശമില്ലെന്നും കോടതി വിധിയിൽ വ്യക്തമാക്കി.

പീഡനവിവര പുറത്തറിഞ്ഞതു മുതൽ കടുത്ത മാനസിക സങ്കർഷങ്ങളിലൂടെയാണ് പെൺകുട്ടിയും കുടുംബവും കടന്നുപോയത്. മകളുടെ തകർന്ന ഭാവിയും ആരോഗ്യവും ഓർത്ത് ആശങ്കയിലായ അമ്മയാണ് നിയമസഹായത്തോടെ ഹൈക്കോടതിയെ സമീപിച്ചത്. മെഡിക്കൽ ബോർഡിന്റെ കൃത്യമായ റിപ്പോർട്ടുകളും പരിശോധനകളും വിലയിരുത്തിയ ശേഷമാണ് കോടതി ഗർഭച്ഛിദ്രത്തിന് അടിയന്തര അനുമതി നൽകിയത്. പെൺകുട്ടിക്ക് ആവശ്യമായ മികച്ച ചികിത്സയും തുടർ മാനസിക പിന്തുണയും ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കോടതി നിർദ്ദേശവും നൽകിയിട്ടുണ്ട്.

You may also like