മുംബൈ : മുംബൈയിലെ ചേരിപ്രദേശങ്ങളിൽ ക്ഷയരോഗ നിർമാർജന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടി ‘ടിബി രഹിത ഇന്ത്യ’ ക്യാംപെയ്ന് തുടക്കമിടാൻ മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ എത്തുന്നു. ജനസാന്ദ്രത കൂടുതലുള്ള മേഖലകളിൽ ടിബി വ്യാപനം തടയുകയും രോഗികളെ ചികിത്സാ സംവിധാനങ്ങളിലേക്ക് എത്തിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സംസ്ഥാന ആരോഗ്യ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് വിപുലമായ ആരോഗ്യപ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. മുംബൈയിലെ ചേരിപ്രദേശങ്ങളിലായി പ്രത്യേക ആരോഗ്യ പരിശോധന ക്യാംപുകൾ സംഘടിപ്പിക്കും. രോഗലക്ഷണങ്ങൾ നേരത്തേ കണ്ടെത്തൽ, സൗജന്യ പരിശോധന, മരുന്ന് വിതരണം, പോഷകാഹാര സഹായം എന്നിവയും പദ്ധതിയുടെ ഭാഗമായിരിക്കും.
ടിബി ബാധിതരെ കണ്ടെത്താൻ ആരോഗ്യ പ്രവർത്തകർ വീടുതോറും സന്ദർശനം നടത്തും. രോഗബാധ സ്ഥിരീകരിക്കുന്നവർക്കായി തുടർച്ചയായ ചികിത്സയും നിരീക്ഷണവും ഉറപ്പാക്കാനാണ് തീരുമാനം. രോഗവ്യാപനം കൂടുതലുള്ള മേഖലകളിൽ ബോധവത്കരണ പ്രവർത്തനങ്ങളും ശക്തമാക്കും.
രാജ്യത്ത് ഏറ്റവും കൂടുതൽ ടിബി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന നഗരങ്ങളിലൊന്നാണ് മുംബൈ. തിരക്കേറിയ താമസമേഖലകളും അപര്യാപ്തമായ ശുചിത്വ സംവിധാനങ്ങളും രോഗവ്യാപനത്തിന് കാരണമാകുന്ന സാഹചര്യത്തിലാണ് സർക്കാർ പുതിയ നീക്കം ആരംഭിക്കുന്നത്. ടിബി രഹിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കാൻ പൊതുജനങ്ങളുടെ സഹകരണവും നിർണായകമാണെന്ന് അധികൃതർ വ്യക്തമാക്കി.