ഭക്ഷ്യവിഷബാധയോ ആത്മഹത്യയോ? മുംബൈയിൽ ഒരേ കുടുംബത്തിലെ നാലുപേരുടെ മരണത്തിൽ ദുരൂഹത തുടരുന്നു

by WhatsUp Mumbai

മുംബൈ : മുംബൈയിൽ ഒരു കുടുംബത്തിലെ നാലുപേരുടെ ദുരൂഹ മരണത്തിൽ ഇപ്പോഴും ദുരൂഹത തുടരുന്നു. സംഭവത്തിൽ ആത്മഹത്യയാണോ കൊലപാതകമാണോ എന്നതിൽ വ്യക്തതയില്ലെന്ന് പൊലീസ് അറിയിച്ചു. ഫോറൻസിക്, ഹിസ്റ്റോപതോളജി റിപ്പോർട്ടുകൾ ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂവെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്.

മൊബൈൽ ആക്‌സസറീസ് വ്യാപാരിയായ അബ്ദുല്ല ഡോകാഡിയ, ഭാര്യ നസ്രീൻ, മക്കളായ ആയിഷ, സൈനബ് എന്നിവരാണ് മരിച്ചത്. ഏപ്രിൽ 25-നു രാത്രി കുടുംബാംഗങ്ങൾ വീട്ടിൽ ബിരിയാണിയും തണ്ണിമത്തനും കഴിച്ച ശേഷമാണ് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പിന്നാലെ കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ട കുടുംബത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും നാലുപേരും മരിച്ചു. 

ആദ്യഘട്ടത്തിൽ ഭക്ഷ്യവിഷബാധയെന്ന സംശയമുണ്ടായിരുന്നെങ്കിലും പോസ്റ്റ്മോർട്ടം പരിശോധനയിൽ ഒരാളുടെ ശരീരത്തിൽ മോർഫിൻ സാന്നിധ്യം കണ്ടെത്തിയതോടെ അന്വേഷണം പുതിയ വഴിത്തിരിവിലെത്തി. സംഭവത്തിൽ വിഷബാധയ്ക്കോ മറ്റേതെങ്കിലും ദുരൂഹ സാഹചര്യങ്ങൾക്കോ സാധ്യതയുണ്ടോയെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.

കുടുംബാംഗങ്ങളുടെ മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മരണത്തിന് മുൻപ് ഫോണുകളിൽ നിന്ന് വിവരങ്ങൾ നീക്കിയിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണവിധേയമാണ്. വീട്ടിൽ നിന്നു ശേഖരിച്ച ഭക്ഷണസാധനങ്ങൾ, വെള്ളം, പഴങ്ങൾ എന്നിവയുടെ സാമ്പിളുകളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

സംഭവം പ്രദേശവാസികളിൽ വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്. ദുരൂഹ മരണങ്ങളുടെ യഥാർത്ഥ കാരണം പുറത്തുവരാൻ ഇനി ഫോറൻസിക് റിപ്പോർട്ടുകളിലേക്കാണ് അന്വേഷണസംഘത്തിന്റെ കാത്തിരിപ്പ്.

You may also like