മുംബൈ : മിഡിൽ ഈസ്റ്റിലെ യുദ്ധഭീതിക്കിടെ ബോളിവുഡ് നടി അമീഷ പട്ടേൽ നേരിട്ട വിമാനയാത്രാ ദുരനുഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ന്യൂയോർക്കിൽ നിന്ന് മുംബൈയിലേക്കുള്ള എമിറേറ്റ്സ് വിമാനയാത്രയ്ക്കിടെയാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്.
ദുബായിൽ ഇറങ്ങാനൊരുങ്ങുന്നതിനിടെയാണ് യുഎഇയ്ക്ക് നേരെ മിസൈൽ ആക്രമണ ഭീഷണി ഉയർന്നതിനെ തുടർന്ന് വ്യോമപാതകൾ താത്കാലികമായി അടച്ചത്. ഇതോടെ വിമാനം അടിയന്തരമായി മസ്കറ്റിലേക്ക് തിരിച്ചുവിടുകയായിരുന്നു. സംഭവത്തെ തുടർന്ന് വലിയ ആശങ്കയിലായിരുന്നുവെന്ന് അമീഷ പട്ടേൽ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
“ഈ യുദ്ധം ഇനി എപ്പോഴാണ് അവസാനിക്കുക? എല്ലാവർക്കുമായി പ്രാർഥിക്കുകയാണ്,” എന്നായിരുന്നു നടിയുടെ പ്രതികരണം.
തുടർന്ന് മണിക്കൂറുകളോളം ദുബായ് വിമാനത്താവളത്തിൽ യാത്രക്കാർ കുടുങ്ങിക്കിടക്കേണ്ടിവന്നു. ന്യൂയോർക്കിൽ നിന്ന് യാത്രതിരിച്ച് 24 മണിക്കൂർ പിന്നിട്ടിട്ടും മുംബൈയിൽ എത്താനായില്ലെന്നും വിമാനത്താവള ലൗഞ്ചിൽ കാത്തിരിക്കുകയാണെന്നും അമീഷ അറിയിച്ചു.
ഡിജെ ചെതസും നിർമാതാവ് കുനാൽ ഗൂമറും അമീഷയ്ക്കൊപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ താരത്തിന്റെ സുരക്ഷയെ കുറിച്ച് ആശങ്കപ്പെട്ട ആരാധകർ സമൂഹമാധ്യമങ്ങളിൽ പിന്തുണയും പ്രാർഥനകളും പങ്കുവെച്ചു.
അതേസമയം, യുഎഇ ലക്ഷ്യമിട്ട് നടന്ന പുതിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളാണ് മേഖലയിലെ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമാക്കിയത്. ഫുജൈറയിലെ വ്യവസായ മേഖലയിലുണ്ടായ ആക്രമണത്തിൽ തീപിടിത്തമുണ്ടായതായും ചില ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.