മുംബൈ: ജോലി സ്ഥലങ്ങളിലെ ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കാൻ മഹാരാഷ്ട്ര സർക്കാർ ഉത്തരവിട്ടു. സ്ഥാപനങ്ങളിൽ നിർബന്ധമായും രൂപീകരിക്കേണ്ട ആഭ്യന്തര പരാതി പരിഹാര സമിതികൾ (ഇന്റെർണൽ കമ്മിറ്റി ) ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനാണ് നിർദേശം.
ഗവണ്മെന്റ് ഓഫ് മഹാരാഷ്ട്ര പുറത്തിറക്കിയ നിർദേശപ്രകാരം, സ്വകാര്യവും പൊതുമേഖലയിലുമുള്ള എല്ലാ സ്ഥാപനങ്ങളും നിയമാനുസൃതമായി ആഭ്യന്തര സമിതി രൂപീകരിച്ചിരിക്കണം. വനിതാ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിനുമായി ഈ സമിതികൾ നിർണ്ണായകമാണെന്ന് അധികൃതർ വ്യക്തമാക്കി.
നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. സമിതികൾ രൂപീകരിക്കാത്തത് ഗുരുതരമായ നിയമലംഘനമായി കണക്കാക്കപ്പെടുമെന്നും ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു.
ജോലിസ്ഥലങ്ങളിൽ സ്ത്രീസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപടികൾ ശക്തമാക്കിയിരിക്കുകയാണ്. നിയമാനുസൃത സംവിധാനങ്ങൾ പാലിക്കാൻ എല്ലാ സ്ഥാപനങ്ങളും ബാധ്യതയുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.