മുംബൈ: നഗരത്തിലെ മീര റോഡിൽ രണ്ട് സുരക്ഷാ ഗാർഡുകളെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ സൈയ്ബ് സുബൈർ അൻസാരിയെക്കുറിച്ച് അന്വേഷണം വ്യാപകമാക്കി. 31കാരനായ ഇയാൾ അമേരിക്കയിൽ താമസിച്ചിരുന്നുവെന്നും പിന്നീട് മുംബൈയിൽ തിരിച്ചെത്തിയതാണെന്നും പൊലീസ് വ്യക്തമാക്കി.
സംഭവം പുലർച്ചെ നയാ നഗർ പ്രദേശത്താണ് ഉണ്ടായത്. ഗാർഡുകളോട് മതം ചോദിച്ചശേഷം ‘കല്മ’ ചൊല്ലാൻ ആവശ്യപ്പെട്ട് പിന്നീട് കത്തി ഉപയോഗിച്ച് ആക്രമിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഇരുവരും ഗുരുതരമായി പരിക്കേറ്റു ചികിത്സയിൽ കഴിയുകയാണ്.
പ്രാഥമിക അന്വേഷണത്തിൽ സാമൂഹ്യ മാധ്യമങ്ങൾ വഴി തീവ്രവാദ സ്വാധീനം ഉണ്ടായിരിക്കാമെന്ന സംശയം ഉയർന്നിട്ടുണ്ട്. വീട്ടിൽ നടത്തിയ പരിശോധനയിൽ “ലോൺ വുൾഫ്” ആക്രമണങ്ങളെക്കുറിച്ചുള്ള കുറിപ്പുകളും തീവ്രവാദ ആശയങ്ങളുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്തിയതായി അന്വേഷണസംഘം വ്യക്തമാക്കി.
സംഭവത്തിന്റെ ഗൗരവം പരിഗണിച്ച് മഹാരാഷ്ട്ര ആന്റി ടെററോറിസം സ്ക്വാഡ് അന്വേഷണം ഏറ്റെടുത്തു. ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യവും മറ്റ് ബന്ധങ്ങളും ഉൾപ്പെടെ എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.