തൃശ്ശൂർ : വെടിക്കെട്ട് നിർമ്മാണപുരയിൽ ഉണ്ടായ സ്ഫോടനദുരന്തത്തിന് പിന്നാലെ, ഫോറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കർ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു. ഒരു മനുഷ്യജീവിതം എത്ര എളുപ്പത്തിൽ നഷ്ടപ്പെടാം എന്നതിന്റെ ഭീകരമായ ഓർമ്മപ്പെടുത്തലാണ് ഈ ദുരന്തമെന്നും, ദുരന്തങ്ങൾ സംഭവിച്ചതിന് ശേഷം മാത്രം പ്രതികരിക്കുന്നതിനുപകരം മുൻകരുതലുകൾ ശക്തമാക്കേണ്ട സമയമാണിതെന്നും കുറിപ്പിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സ്ഫോടനത്തിന്റെ ആഘാതത്തിൽ നിരവധി മൃതദേഹങ്ങൾ പൂർണ്ണമായും കത്തിക്കരിഞ്ഞ് തിരിച്ചറിയാൻ പോലും പ്രയാസമുള്ള നിലയിലായിരുന്നു. ശരീരഭാഗങ്ങൾ ചിതറിക്കിടന്ന അവസ്ഥയും, ബ്രെയിൻ ഉൾപ്പെടെ വിവിധ അവയവങ്ങൾ പാതി വെന്ത നിലയിലും കണ്ടെത്തിയതായി ഡോ. ഹിതേഷ് ശങ്കർ വ്യക്തമാക്കി. ചിലരെ കൈയിലെ മോതിരം, കാതിലെ കമ്മൽ, മസിലിന്റെ ചുറ്റളവ്, ഹൃദയത്തിലെ രക്തക്കുഴലുകളിൽ സ്ഥാപിച്ച സ്റ്റെന്റ്, പല്ലുകളുടെ ഘടന, പല്ലിലെ സ്റ്റെയിൻ, സ്ഥിരമായി പുകയില ഉപയോഗത്തിന്റെ ലക്ഷണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലൂടെയാണ് തിരിച്ചറിയാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
പൊള്ളലുകൾക്കൊപ്പം സ്ഫോടനത്തിന്റെ ആഘാതവും അതീവ ഗുരുതരമായിരുന്നു. ശരീരത്തിലെ വായുവടങ്ങിയ അവയവങ്ങളായ ശ്വാസകോശവും കുടലുകളും ശക്തമായി ബാധിച്ചതായും കുറിപ്പിൽ പറയുന്നു. രക്ഷപ്പെട്ടവരുടെ രോദനം ഇന്നും മനസ്സിൽ നിന്ന് മായുന്നില്ലെന്നും അദ്ദേഹം വികാരഭരിതമായി രേഖപ്പെടുത്തി.
അതേസമയം, വെടിക്കെട്ട് പോലുള്ള ആഘോഷങ്ങളെ പൂർണ്ണമായും നിരാകരിക്കേണ്ടതില്ലെന്ന നിലപാടും അദ്ദേഹം വ്യക്തമാക്കുന്നു. നാട്ടിൻപുറങ്ങളുടെ സംസ്കാരത്തോടും ഉത്സവങ്ങളോടും ചേർന്ന് നിൽക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ നിയന്ത്രണങ്ങളോടെയും സുരക്ഷിത മാനദണ്ഡങ്ങളോടെയും മാത്രമേ മുന്നോട്ടുകൊണ്ടുപോകാവൂവെന്നതാണ് നിർദ്ദേശം.
വലിയ അളവിലുള്ള സ്ഫോടകവസ്തുക്കൾ ചെറുതായ ഇടങ്ങളിൽ സംഭരിക്കുന്നതും, ഒരേ സ്ഥലത്ത് നിരവധി തൊഴിലാളികളെ ഒരുമിച്ച് ജോലി ചെയ്യിക്കുന്നതും അപകടസാധ്യത പലമടങ്ങ് വർധിപ്പിക്കുന്നുവെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നിർമ്മാണം നടക്കുന്ന ഭാഗവും തയ്യാറായ വസ്തുക്കൾ സൂക്ഷിക്കുന്ന ഭാഗവും വ്യക്തമായി വേർതിരിക്കണമെന്നും, സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടു.
വെടിക്കെട്ട് നിർമ്മാണ യൂണിറ്റുകൾ കർശനമായ മേൽനോട്ടത്തിലും ലൈസൻസിംഗിലും പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ചൂട് കൂടുന്ന സമയങ്ങളിൽ ഇത്തരം ജോലികൾ ഒഴിവാക്കുകയും, രാവിലെ നേരത്തെയും വൈകിട്ട് മൂന്ന് മണിക്ക് ശേഷവുമുള്ള സമയങ്ങളിൽ മാത്രം പ്രവർത്തനം നിജപ്പെടുത്തുന്നതുപോലുള്ള പ്രായോഗിക നിർദേശങ്ങളും പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു ദുരന്തം സംഭവിച്ച ശേഷം ഞെട്ടി നിൽക്കുന്നത് മതിയല്ല; അതിനു മുൻപ് തന്നെ അത് തടയാനുള്ള നിയമങ്ങളും ചട്ടങ്ങളും പുതുക്കേണ്ട സമയമാണിത്. ഇനി ഒരാളെയും തിരിച്ചറിയാൻ ആഭരണങ്ങളുടെ സഹായം തേടേണ്ട സാഹചര്യം ഉണ്ടാകരുത്” — ഡോ. ഹിതേഷ് ശങ്കറിന്റെ വാക്കുകൾ സമൂഹത്തെ ചിന്തിപ്പിക്കുന്ന മുന്നറിയിപ്പായി മാറുകയാണ്.