കൊച്ചി: 2025–26 സാമ്പത്തിക വർഷത്തിൽ യാത്രക്കാരിൽ നിന്നുള്ള വരുമാനത്തിൽ ദക്ഷിണ റെയിൽവേ രാജ്യത്ത് ഒന്നാമതായി. 8,271.47 കോടി രൂപയാണ് ഈ വർഷം ലഭിച്ചത്. മുൻവർഷത്തെ 7,535.69 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ 9.8% വർധന; അധികമായി 735.78 കോടി രൂപ ലഭിച്ചു.
രാജ്യത്ത് ശരാശരി 5–7% വളർച്ച മാത്രമുള്ളപ്പോഴാണ് ദക്ഷിണ റെയിൽവേ ശ്രദ്ധേയ മുന്നേറ്റം കൈവരിച്ചത്. വെസ്റ്റേൺ റെയിൽവേയേക്കാൾ ഏകദേശം 70 കോടി അധിക വരുമാനം നേടിയതും ശ്രദ്ധേയമാണ്. യാത്രക്കാരുടെ എണ്ണത്തിലും ഒന്നാം സ്ഥാനമാണ്.
പാസഞ്ചർ റിസർവേഷൻ സിസ്റ്റം (PRS) മെച്ചപ്പെടുത്തലുകളാണ് വളർച്ചയ്ക്ക് പിന്നിൽ. വന്ദേ ഭാരത് ട്രെയിനുകളിൽ ട്രെയിൻ പുറപ്പെടുന്നതിന് 15 മിനിറ്റ് മുമ്പ് വരെ ഓൺലൈൻ ബുക്കിങ് അനുവദിച്ചതും, സീറ്റ് ഉപയോഗം കൂടുതൽ കാര്യക്ഷമമാക്കിയതും നിർണായകമായി. ഒരാൾ ഇറങ്ങിയാൽ അടുത്ത സ്റ്റേഷനിൽ നിന്ന് മറ്റൊരാൾക്ക് സീറ്റ് ലഭ്യമാകുന്ന സംവിധാനം വരുമാനം വർധിപ്പിച്ചു.
ഇതിന്റെ ഫലമായി വന്ദേ ഭാരത് യാത്രക്കാരുടെ എണ്ണം 2.14 ലക്ഷത്തിൽ നിന്ന് 6.01 ലക്ഷമായി ഉയർന്നു. വരുമാനം 15.22 കോടിയിൽ നിന്ന് 45.37 കോടിയായി മൂന്നിരട്ടിയിലധികം വർധിച്ചു.
റിമോട്ട് ലൊക്കേഷൻ വെയ്റ്റിങ് ലിസ്റ്റിൽ എറണാകുളം ജംഗ്ഷനെ ഉൾപ്പെടുത്തിയതോടെ കേരളത്തിലേക്കുള്ള ബുക്കിങ് കൂടുതൽ സൗകര്യപ്രദമായി. തത്കാൽ ബുക്കിങിൽ 75% ലധികം പങ്ക് ദക്ഷിണ റെയിൽവേയുടേത്; ഇതിലൂടെ 267.05 കോടി ലഭിച്ചു. പ്രീമിയം തത്കാൽ വഴി 594.36 കോടിയും സമാഹരിച്ചു.
യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതോടൊപ്പം വരുമാനത്തിലും വൻ വളർച്ച കൈവരിക്കാൻ ഈ നടപടികൾ സഹായിച്ചതായി റെയിൽവേ അധികൃതർ വ്യക്തമാക്കി. വന്ദേ ഭാരത് പോലുള്ള ആധുനിക ട്രെയിനുകളുടെ ഉപയോഗം വർധിച്ചതോടെ വേഗതയേറിയ, സുഖകരമായ യാത്രകൾ കൂടുതൽ വ്യാപകമാകുമെന്ന് പ്രതീക്ഷ.