സമ്പൂർണ വിഷു ഫലം 2026: മേടം മുതല്‍ മീനം വരെ

by admin

പന്ത്രണ്ട് രാശിക്കൂറുകാരുടെയും വിഷുഫലം വിശദമായി അറിയാം

ജ്യോതിഷ പ്രകാരം ഈ വര്‍ഷത്തെ വിഷുഫലം പന്ത്രണ്ട് രാശിക്കാര്‍ക്കും എങ്ങനെ എന്ന് പ്രശസ്ത ജ്യോതിഷി എം പി ആർ പണിക്കർ വിശദമായി പറയുന്നു.

മേടക്കൂറ്
(അശ്വതി, ഭരണി, കാര്‍ത്തിക 1/4)

ഈ വർഷം സമ്മിശ്ര ഫലങ്ങൾ നൽകുന്ന കാലഘട്ടമായിരിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അനുകൂല അവസരങ്ങൾ ലഭിക്കുകയും, ജീവിതത്തിൽ മുന്നേറ്റത്തിനുള്ള പുതിയ വഴികൾ തുറക്കുകയും ചെയ്യും. എങ്കിലും സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ വിവേകത്തോടെ നീങ്ങുന്നത് നല്ലതാണ്, കാരണം അപ്രതീക്ഷിത ചെലവുകൾ നേരിടേണ്ടി വരാം.
ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ അനിവാര്യമാണ്, എന്നാൽ പലർക്കും ആരോഗ്യത്തിൽ ആശ്വാസവും പുരോഗതിയും അനുഭവപ്പെടും. മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് മികച്ച വിജയം നേടാൻ സാധ്യതയുണ്ട്. ഉന്നത വിദ്യാഭ്യാസം, സ്ഥാനമാനങ്ങൾ, സ്ഥാനക്കയറ്റം അല്ലെങ്കിൽ സ്ഥാനമാറ്റം എന്നിവയ്ക്കും ഈ സമയം അനുകൂലമായിരിക്കും. പുണ്യതീർത്ഥയാത്രകൾ ജീവിതത്തിൽ ആത്മീയ നിറവ് നൽകും.
സന്താനങ്ങൾക്ക് അഭിവൃദ്ധിയും നല്ല ഫലങ്ങളും ലഭിക്കുന്ന സമയമാണ് ഇത്. നീണ്ടുനിന്ന തർക്കവിഷയങ്ങൾക്കും കേസ് വ്യവഹാരങ്ങൾക്കും പരിഹാരം കണ്ടെത്താൻ സാധിക്കും. ജോലിമാറ്റം ആഗ്രഹിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കുകയും, മികച്ച മുന്നേറ്റം കൈവരിക്കുകയും ചെയ്യും.

ഇടവക്കൂറ്
(കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ഈ വർഷം ഗുണദോഷങ്ങൾ ചേർന്ന ഒരു കാലമായിരിക്കും. വർഷത്തിന്റെ തുടക്കം കൂടുതൽ അനുകൂലമായി അനുഭവപ്പെടുകയും, പിന്നീട് ചെറിയ വെല്ലുവിളികൾ വന്നാലും അവയെ അതിജീവിക്കാൻ കഴിയും.
സാമ്പത്തിക മേഖലയിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാമെങ്കിലും, ക്രമേണ അവയ്ക്ക് പരിഹാരം കണ്ടെത്തുകയും തുടർന്ന് നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യും. ജീവിതച്ചെലവുകൾ ഉയരാനുള്ള സാധ്യതയുള്ളതിനാൽ സാമ്പത്തിക നിയന്ത്രണം അത്യാവശ്യമാണ്.
തൊഴിൽ രംഗത്ത് ചില മാറ്റങ്ങൾ സംഭവിക്കാം. ഇവ ആദ്യത്തിൽ ആശങ്കകൾ ഉണ്ടാക്കിയാലും, പിന്നീട് അത് നല്ല മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കും. ഒരുപാട് കാര്യങ്ങൾ ആവർത്തിച്ച് പരിശ്രമിക്കേണ്ട സാഹചര്യം ഉണ്ടാകുന്നതിനാൽ ക്ഷമയും സ്ഥിരതയും ഈ വർഷം വിജയത്തിന്റെ മുഖ്യഘടകങ്ങളായിരിക്കും.
ആരോഗ്യപരമായി ചെറിയ ദേഹാസ്വസ്ഥതകൾ, മാനസിക സമ്മർദ്ദങ്ങൾ എന്നിവ അനുഭവപ്പെടാൻ ഇടയുണ്ട്. കൂടാതെ അപ്രതീക്ഷിത ധനനഷ്ടങ്ങൾ, ചെറിയ കലഹങ്ങൾ എന്നിവ സംഭവിക്കാവുന്നതിനാൽ എല്ലാകാര്യങ്ങളിലും ജാഗ്രത പാലിക്കുന്നത് ഉചിതമാണ്.
വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതാണ്. പരിശ്രമത്തിന് യോജിച്ച ഫലം ലഭിക്കുന്ന വർഷമാണിത്. ഭൂമി സംബന്ധമായ കാര്യങ്ങളിൽ നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
സമൂഹത്തിൽ അംഗീകാരം ലഭിക്കുകയും, ബഹുജനസമ്മിതി വർധിക്കുകയും ചെയ്യും. ജീവിത നിലവാരം മെച്ചപ്പെടുകയും, ചില അപ്രതീക്ഷിത അംഗീകാരങ്ങൾ സന്തോഷം നൽകുകയും ചെയ്യും.
കാർഷിക രംഗത്ത് ലാഭം, തൊഴിൽ മേഖലയിലെ നേട്ടങ്ങൾ, വിദ്യാഭ്യാസ പുരോഗതി, വിദേശവാസ സാധ്യതകൾ എന്നിവയും ഈ വർഷം അനുകൂലമായി പ്രത്യക്ഷപ്പെടും. കാലക്രമേണ സന്തോഷം, കീർത്തി, ഐശ്വര്യം എന്നിവ ജീവിതത്തിൽ നിറഞ്ഞുനിൽക്കും.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍ത്തം 3/4)

ഈ വർഷം ചില തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്; സംസാരത്തിൽ മിതത്വം പാലിക്കുന്നത് പല പ്രശ്നങ്ങളും ഒഴിവാക്കാൻ സഹായിക്കും. ചെലവുകൾ വർദ്ധിക്കാനിടയുള്ളതിനാൽ സാമ്പത്തിക അച്ചടക്കം പാലിക്കണം, കൂട്ടുകച്ചവടങ്ങളിൽ പ്രത്യേകം ജാഗ്രത ആവശ്യമാണ്. മുടങ്ങിക്കിടന്നിരുന്ന നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കാനും സാമ്പത്തിക, ബാങ്കിംഗ്, വ്യാപാര മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂല സാഹചര്യം ഉണ്ടാകാനും സാധ്യതയുണ്ട്. എന്നാൽ അപ്രതീക്ഷിത രോഗങ്ങളും ആരോഗ്യ ബുദ്ധിമുട്ടുകളും ഉണ്ടാകാനിടയുള്ളതിനാൽ ശ്രദ്ധ വേണം. നാമജപവും ഈശ്വര പ്രാർത്ഥനകളും ദോഷങ്ങൾ കുറയ്ക്കാൻ സഹായകരമാകും.

കർക്കിടക്കക്കൂറ്
പുണർതം ¼, പൂയം, ആയില്യം

ഈ വർഷം എല്ലാകാര്യങ്ങളിലും നിയന്ത്രണം പ്രധാനമാണ്. അനാവശ്യ ചെലവുകൾ നിയന്ത്രിക്കാൻ കഴിഞ്ഞില്ലായെങ്കിൽ ചില സമയങ്ങളിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകാം, അതിനാൽ പണം കാര്യങ്ങളിൽ ജാഗ്രത വേണം.
ജീവിതത്തിലെ കാര്യങ്ങൾ കുറച്ച് മന്ദഗതിയിലായിരിക്കും. ക്ഷമയോടെ മുന്നോട്ട് പോയാൽ നല്ല ഫലം ലഭിക്കും.
അവിവാഹിതർക്കു വിവാഹയോഗം ഉണ്ടാകും. പ്രണയജീവിതം സന്തോഷകരമാകും. പങ്കാളിത്തബന്ധങ്ങൾ കൂടുതൽ ശക്തമാകും.
കുടുംബജീവിതം സമാധാനപരവും സന്തോഷകരവുമായിരിക്കും. ബന്ധുക്കളുമായുള്ള ബന്ധം മെച്ചപ്പെടും. ആത്മീയതയിലേക്കുള്ള താൽപര്യം കൂടും.
വിദേശ ജോലിക്കും യാത്രകൾക്കും അവസരം ലഭിക്കാം. ശരിയായ ശ്രമം നടത്തിയാൽ നല്ല ഫലം നേടാം.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം ¼)

കാത്തിരുന്ന പല കാര്യങ്ങളും ഈ വർഷം സഫലമാകുന്ന ഒരു നല്ല തുടക്കമാണ്. വർഷത്തിന്റെ ആദ്യഘട്ടം ഏറെ അനുകൂലമായിരിക്കുമ്പോഴും, പിന്നീട് കാര്യങ്ങൾ കുറച്ച് മന്ദഗതിയിലാകാൻ സാധ്യതയുണ്ട്. അതിനാൽ പുതിയ പദ്ധതികളും സംരംഭങ്ങളും വർഷാരംഭത്തിൽ തന്നെ ആരംഭിക്കുന്നത് ഉത്തമമാണ്.
സാമ്പത്തികമായി ചെലവുകൾ ഉയരാൻ സാധ്യതയുള്ളതിനാൽ നിയന്ത്രണം അനിവാര്യമാണ്. സർക്കാർ ജീവനക്കാർക്ക് സ്ഥലംമാറ്റം പുതിയ വഴിത്തിരിവുകൾ സൃഷ്ടിക്കും. പങ്കാളിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധയും മനസ്സിലാക്കലും ആവശ്യമാണ്.
ബിസിനസ് രംഗത്ത് ജാഗ്രത പാലിക്കണം. എന്നാൽ കലാ, സിനിമാ, ഐ. ടി. എഐ, വൈദ്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരവും നേട്ടങ്ങളും ലഭിക്കുന്ന അനുകൂല സമയമാണ്. കാർഷിക രംഗത്ത് പ്രതീക്ഷിച്ച ലാഭം കുറയാൻ സാധ്യതയുണ്ട്.
വീടുപണികൾ പൂർത്തിയാക്കാൻ സാധിക്കും. എന്നാൽ അനാവശ്യ തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് മനസ്സമാധാനം നിലനിർത്താൻ സഹായിക്കും.

കന്നിക്കൂറ്
(ഉത്രം 3/4, അത്തം, ചിത്തിരം 1/2)

കർമ്മസ്ഥാനത്ത് അംഗീകാരം ലഭിക്കുന്നതിനാൽ ജോലി-കരിയർ മേഖലയിൽ ശ്രദ്ധേയമായ പുരോഗതി കാണാം. സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്ക് ഭാഗ്യം തെളിയുന്ന അനുകൂല സമയമാണിത്.
വിവാഹകാര്യങ്ങളിൽ ഉണ്ടായിരുന്ന തടസ്സങ്ങൾ മാറി ശുഭഫലങ്ങൾ ഉണ്ടാകും. പുതുവാഹനം, സന്താനസൗഖ്യം, വിദേശ പഠനം എന്നിവയ്ക്കും ഈ വർഷം അനുകൂല സാഹചര്യം ഉണ്ടാകും.
പുതിയ ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരങ്ങൾ ലഭിക്കും. സമൂഹത്തിൽ നല്ല പേര് നേടുകയും, സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ ഉയർച്ച കൈവരിക്കുകയും ചെയ്യും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധയും പുരോഗതിയും ഉണ്ടാകും.
കലാ-സാഹിത്യ രംഗത്തുള്ളവർക്ക് കഴിവ് തെളിയിക്കാൻ മികച്ച സമയം കൂടിയാണ്. ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ കുറയുകയും, ബന്ധം കൂടുതൽ ദൃഢമാകുകയും ചെയ്യും.
ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ ആവശ്യമാണ്. അതിരുവിട്ട ഭാഗ്യപരീക്ഷണങ്ങൾ ഒഴിവാക്കുന്നത് ഉചിതമാണ്.

തുലാക്കൂറ്
(ചിത്തിര ½, ചോതി, വിശാഖം 3/4

വർഷാരംഭത്തിൽ ഭാഗ്യം അനുഗ്രഹമായി കൂടെയുണ്ടാകും. പിന്നീട് ചില വെല്ലുവിളികൾ നേരിടേണ്ടി വരാമെങ്കിലും, ആത്മവിശ്വാസത്തോടെ മുന്നേറാം. ഉദ്യോഗാർത്ഥികൾക്ക് പുതിയ ജോലി നേടാൻ അനുകൂല സാഹചര്യം കാണുന്നു. സന്താനഭാഗ്യം ആഗ്രഹിക്കുന്നവർക്ക് ശുഭസൂചനകൾ ഉണ്ടാകും.
ബിസിനസ് മേഖലയിൽ ലാഭസാധ്യതയുണ്ടെങ്കിലും, സാമ്പത്തിക കാര്യങ്ങളിൽ നിയന്ത്രണം അനിവാര്യമാണ്. എതിരാളികൾ വർധിച്ചാലും അവരെ തരണം ചെയ്യാൻ കഴിയും.
ദാമ്പത്യജീവിതത്തിൽ പരസ്പര മനസ്സിലാക്കലും വിട്ടുവീഴ്ചയും നിർണായകമാണ്. സുഹൃത്തുക്കളിൽ നിന്ന് ചെറിയ നിരാശകൾ അനുഭവപ്പെടാം. ജോലി മേഖലയിലെ മാറ്റങ്ങളും ഇടയ്ക്കിടെ മാനസിക സമ്മർദ്ദങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്.

ആരോഗ്യം പൊതുവേ തൃപ്തികരമായിരിക്കും. പ്രാർത്ഥനയും ആത്മീയതയും മനസ്സിന് ആശ്വാസം നൽകും. ലഹരിപദാർത്ഥങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് ഉചിതമാണ്.

വൃശ്ചികക്കൂറ്
(വിശാഖം ¼, അനിഴം, തൃക്കേട്ട)

ഈ വർഷം കർമ്മരംഗത്ത് ചില മാറ്റങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരുകയും, ജോലി മേഖലയിലെ ദിശയിൽ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യാം. ആദ്യത്തിൽ ഇത് ആശങ്കകൾ ഉണ്ടാക്കാമെങ്കിലും, പിന്നീട് മികച്ച മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കും.
ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ട വർഷമാണിത്. ചെറിയ ആരോഗ്യപ്രശ്നങ്ങൾ പോലും അവഗണിക്കാതെ, സമയോചിതമായ പരിശോധനകളും ചികിത്സയും സ്വീകരിക്കുന്നത് ഉചിതമാണ്.
പുതിയ സൗഹൃദങ്ങൾ ജീവിതത്തിൽ ഗുണകരമായ മാറ്റങ്ങൾ സൃഷ്ടിക്കും. ഇവ വഴി പുതിയ അവസരങ്ങളും പിന്തുണയും ലഭിക്കാൻ സാധ്യതയുണ്ട്. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരവും നേട്ടങ്ങളും കൈവരിക്കാൻ അനുകൂല സമയമാണ്.
സന്താനഭാഗ്യം ആഗ്രഹിക്കുന്നവർക്ക് നല്ല സൂചനകൾ കാണുന്നു. അവിവാഹിതർക്കു വിവാഹയോഗവും തെളിയുന്ന വർഷമാണിത്.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം ¼)

ഈ വർഷം ചില വെല്ലുവിളികൾ നിറഞ്ഞ കാലമായിരിക്കും. അപ്രതീക്ഷിത ധനവ്യയങ്ങളും കുടുംബത്തിൽ ചെറിയ കാരണങ്ങളാൽ കലഹങ്ങളും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സഹിഷ്ണുതയും നിയന്ത്രണവും അനിവാര്യമാണ്. സാമ്പത്തികമായി അപ്രതീക്ഷിത ചെലവുകൾ വർധിക്കാം, അതിനാൽ ധനകാര്യങ്ങളിൽ സൂക്ഷ്മത പാലിക്കുക. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം; മാനസിക സമ്മർദ്ദങ്ങൾ അനുഭവപ്പെടാൻ ഇടയുള്ളതിനാൽ മനസ്സമാധാനം നിലനിർത്താൻ ശ്രമിക്കുക. സ്ഥാനമാറ്റങ്ങൾക്ക് സാധ്യതയുണ്ട്, അതിനാൽ വിദ്യാഭ്യാസവും തൊഴിൽ മേഖലയിലും കൂടുതൽ ശ്രദ്ധയും ഏകാഗ്രതയും ആവശ്യമാണ്. ഓഹരി വിപണികളിൽ ഇടപെടുന്നവർ പ്രത്യേകം ജാഗ്രത പുലർത്തണം. സംസാരത്തിൽ സൂക്ഷ്മത പാലിക്കുന്നത് അനാവശ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

മകരക്കൂറ്
(ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

വർഷത്തിന്റെ തുടക്കം കുറച്ച് സാധാരണയായിരിക്കാം, എന്നാൽ പിന്നീട് നല്ല നേട്ടങ്ങൾ ലഭിക്കുന്ന സമയമാണ്. അവിവാഹിതർക്കു വിവാഹയോഗം ഉണ്ടാകും. പുതിയ കാര്യങ്ങൾ ആരംഭിക്കാൻ അവസരങ്ങൾ ലഭിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി സ്ഥിതി മെച്ചപ്പെടും. കുടുംബജീവിതം കൂടുതൽ സന്തോഷകരമാകും. ജോലിയിൽ സ്ഥാനക്കയറ്റത്തിനും പുരോഗതിക്കും സാധ്യതയുണ്ട്. ആരോഗ്യനില പൊതുവേ നല്ലതായിരിക്കുംമെങ്കിലുംഈവർഷവസാനകാലഘട്ടത്തിൽചില അടിയന്തരചികത്സവേണ്ടിവന്നേക്കാം.

കുംഭക്കൂറ്
അവിട്ടം ½, ചതയം,
പൂരുരുട്ടാതി ¾

സ്വദേശികൾക്ക് ഈ വർഷം സാമ്പത്തിക ഞെരുക്കങ്ങൾ അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ചെലവുകളിൽ ജാഗ്രത പുലർത്തണം; വിദ്യാർത്ഥികൾ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്, സാഹിത്യകാരന്മാർക്കും ലേഖകന്മാർക്കും കാലം അത്ര ഗുണകരമാകില്ല. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനും ആശുപത്രിയിൽ കഴിയേണ്ടി വരാനും സാധ്യതയുള്ളതിനാൽ ആരോഗ്യപരിപാലനം അത്യാവശ്യമാണ്. കാര്യങ്ങൾ നിറവേറാൻ പലപ്രാവശ്യം പരിശ്രമിക്കേണ്ട സാഹചര്യം ഉണ്ടാകും, സർക്കാർ ജീവനക്കാർക്ക് സ്ഥലംമാറ്റത്തിന് സാധ്യതയുണ്ട്. ഈ വർഷം ഈ നക്ഷത്രക്കാർ പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ തുടരുന്നത് മനസ്സിന് ധൈര്യവും സമാധാനവും നൽകും.

മീനക്കൂറ്
(പൂരുരുട്ടാതി ¼, ഉത്തൃട്ടാതി, രേവതി)

ഈ വർഷം ഗുണകരമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യതയുണ്ട്; വീട് നിർമാണം പൂർത്തിയാക്കാനും പുതിയ ചുമതലകൾ ഏറ്റെടുക്കാനും കഴിയും. സന്താന ഭാഗ്യം തെളിയും, രാഷ്ട്രീയ പ്രവർത്തകർക്ക് അധികാരലാഭം ഉണ്ടാകാനും ഉന്നത വ്യക്തികളുടെ സഹായം ലഭിക്കാനും ഇടയുണ്ട്. ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയസാധ്യത കൂടുതലായിരിക്കും. എന്നാൽ ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്, പൊതുവേ അലസത അനുഭവപ്പെടാൻ ഇടയുണ്ട്. ചിലർക്ക് ദൂരദേശത്തേക്ക് സ്ഥലംമാറ്റം ലഭിക്കാനും പുതിയ വാഹനം സ്വന്തമാക്കാനും സാധ്യതയുണ്ട്.

എം പി ആർ പണിക്കർ
(PH +91 98214 24978)