മുംബൈ: നഗരത്തിന്റെ വിവിധ ഉപനഗരങ്ങളെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘത്തെ ഘാട്കോപ്പർ പൊലീസ് പിടികൂടി . ആന്ധേരി, സാകിനാക, ഘാട്കോപ്പർ മേഖലകളിലായി വ്യാപിച്ചിരുന്ന റാക്കറ്റിൽ പ്രധാന പങ്കുവഹിച്ചെന്നാരോപിച്ച് 38 വയസ്സുള്ള സ്ത്രീയെ പൊലീസ് പിടികൂടി.
പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേസിന് വഴിത്തിരിവായത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളെ പണത്തിന്റെ വാഗ്ദാനങ്ങൾ നൽകി വശീകരിച്ച്, ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുകയായിരുന്നു പ്രതിയുടെ പ്രവർത്തനരീതിയെന്ന് പൊലീസ് വ്യക്തമാക്കി.
ഡമ്മി ഉപഭോക്താവിനെ ഉപയോഗിച്ച് നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് പ്രതി കുടുങ്ങിയത്. ഉപഭോക്താവിന് സ്ത്രീകളുടെ ചിത്രങ്ങൾ അയച്ച് ഇടപാട് ഉറപ്പാക്കിയ ശേഷം പണം സ്വീകരിക്കുന്നതിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഹോട്ടലുകളിലേക്കും മറ്റ് ഇടങ്ങളിലേക്കും സ്ത്രീകളെ എത്തിച്ച് അനധികൃത സേവനങ്ങൾ ക്രമീകരിച്ചിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തൽ. സംഭവത്തിൽ കേസെടുത്ത പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂഷണം ചെയ്ത് മനുഷ്യരെ കുടുക്കുന്ന ഇത്തരം സംഘങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് പൊലീസ് അറിയിച്ചു.