മുംബൈ: ബി.എസ്.എൻ.എൽ. എംപ്ലോയീസ് യൂണിയൻ വർക്കിംഗ് വുമൺസ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ (BSNLEU–WWCC) മൂന്നാമത് അഖിലേന്ത്യാ കൺവെൻഷൻ മുംബൈ ദാദറിലെ ആന്ധ്ര മഹാസഭ ജിംഖാനയിൽ നടന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 150ഓളം വനിതാ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം സ്ത്രീ ശാക്തീകരണവും അവകാശങ്ങളും കേന്ദ്രീകരിച്ച് ശ്രദ്ധേയമായി.

കൺവെൻഷൻ ഉദ്ഘാടനം ചെയ്ത സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എസ്. ഹേമലത, ബി.എസ്.എൻ.എൽ. ഉൾപ്പെടെയുള്ള കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളെ കേന്ദ്ര സർക്കാർ ദുർബലപ്പെടുത്തുകയാണെന്ന് ആരോപിച്ചു. വനിതാ തൊഴിലാളികൾ നേരിടുന്ന അവഗണനയിലും അവകാശ ലംഘനങ്ങളിലും നിരവധി പ്രതിനിധികൾ ശക്തമായ പ്രതികരണം രേഖപ്പെടുത്തി.
BSNLEU അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ. രമാദേവിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എം. വിജയകുമാർ, അനിമേഷ് മിത്ര, പി. അഭിമന്യു, എം. എച്ച്. ഷെയ്ഖ്, ജോൺ വർഗീസ്, കൗതിക് ബസ്തേ, ഇർഫാൻ പാഷ തുടങ്ങിയ നേതാക്കൾ സംസാരിച്ചു. സ്ത്രീകളുടെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ നിലയിൽ അടിസ്ഥാനപരമായ മാറ്റം ഉണ്ടാകാതെ ഇന്ത്യയുടെ വികസനലക്ഷ്യം സാക്ഷാത്കരിക്കാനാകില്ലെന്ന് സമ്മേളനം വിലയിരുത്തി.
വരുമാന മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളായി സുൽഗാന ബസു (കൺവീനർ), അമിത് നായിക്, കെ. രേഖ (ജോയിന്റ് കൺവീനർമാർ) എന്നിവരെ ഐകകണ്ഠേന തെരഞ്ഞെടുത്തു. 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും സമ്മേളനം രൂപീകരിച്ചു.
സമ്മേളനത്തിന്റെ സംഘാടന ചുമതലകൾ മുംബൈയിലെ നേതാക്കളായ അമിത നായിക്, മഞ്ജുഷ ലാച്ച്കെ, മന്ദ മലമ്പള്ളി, മാധുരി സോനാരെ, മാധവി മാനെ എന്നിവർ നിർവഹിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വനിതാ പ്രതിനിധികൾക്ക് സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ ജില്ലാ സെക്രട്ടറി മഹേഷ് ആർക്കലിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പ്രവർത്തനം ശ്രദ്ധേയമായി. മീഡിയ കോ-ഓർഡിനേറ്റർ വി. പി. ശിവകുമാർ മാധ്യമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.