മുംബൈ : പാചകവാതകത്തിന്റെ ക്ഷാമത്തിനെതിരെ വസായിയിലെ പ്രദേശ വാസികൾ മുംബൈ-അഹമ്മദാബാദ് ഹൈവേ ഉപരോധിച്ചു. ശനിയാഴ്ച നടന്ന പ്രതിഷേധം പ്രദേശത്തെ ഗതാഗതത്തെ താറുമാറാക്കി, കിലോമീറ്ററുകളോളം വാഹനനിര നീണ്ടുനിന്നതായി റിപ്പോർട്ടുകൾ.
ഗൾഫ് രാജ്യങ്ങളിലെ സംഘർഷത്തെ തുടർന്ന് ഉയർന്ന ഇന്ധന പ്രതിസന്ധിയുടെ ആഘാതമാണ് ഇപ്പോൾ നഗരജീവിതത്തെയും ബാധിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. വീട്ടുപയോഗ ഗ്യാസ് സിലിണ്ടറുകളുടെ വിതരണം വൈകുന്നതും വില വർധനയും പ്രതിഷേധത്തിന് വഴിവെച്ചതായി അവർ പറഞ്ഞു.
10 മുതൽ 15 ദിവസം വരെ സിലിണ്ടർ ലഭിക്കാത്ത സ്ഥിതിയാണുള്ള തെന്ന് നിരവധി കുടുംബങ്ങൾ പരാതിപ്പെട്ടു. ശൂന്യ സിലിണ്ടറുകളുമായി ഹൈവേയിൽ ഇരുന്ന് പ്രതിഷേധിച്ച ജനങ്ങൾ “ഗ്യാസ് തരുക, ഇല്ലെങ്കിൽ വഴി തുറക്കില്ല” എന്ന നിലപാടിൽ ഉറച്ചുനിന്നു.
സ്ത്രീകൾ മുന്നണിയിൽ നിന്ന ഈ സമരം പ്രദേശത്തെ ഹോട്ടൽ ഉടമകളെയും ഉൾപ്പെടുത്തിയാണ് സംഘടിപ്പിച്ചത്.
ഉപജീവനവും ദൈനംദിന ജീവിതവും പ്രതിസന്ധിയിലായതായും അവർ വ്യക്തമാക്കി.
ഉപരോധം മൂലം ഗതാഗതക്കുരുക്ക് രൂക്ഷമായി, യാത്രക്കാർ മണിക്കൂറുകൾ കുടുങ്ങിക്കിടക്കേണ്ടിവന്നു. ഉടൻ ഗ്യാസ് വിതരണം പുനഃസ്ഥാപിക്കാത്ത പക്ഷം സമരം ശക്തമാക്കുമെന്ന് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി.
ഇന്ധന ക്ഷാമം ജനകീയ പ്രതിഷേധമായി മാറിയ സാഹചര്യത്തിൽ, പ്രശ്നത്തിന് ത്വരിതപരിഹാരം കാണാൻ ഭരണകൂടത്തിന് മേൽ സമ്മർദ്ദം ശക്തമാകുകയാണ്.