താനെ: വേനൽ ചൂട് കനക്കുന്നതിനിടെ താനെ ജില്ലയിലെ ഷഹാപൂർ താലൂക്കിൽ കുടിവെള്ള പ്രതിസന്ധി രൂക്ഷമായി. മാർച്ച് അവസാനിക്കാനുമുമ്പേ തന്നെ നിരവധി ഗ്രാമങ്ങളും പാടങ്ങളും കടുത്ത ജലക്ഷാമത്തിന്റെ പിടിയിലായതായി റിപ്പോർട്ട്.
കിണറുകളും ബോർവെല്ലുകളും ഉൾപ്പെടെയുള്ള ചെറുകിട ജലസ്രോതസുകൾ വറ്റിത്തുടങ്ങിയതോടെ നാട്ടുകാർ ദൂരങ്ങൾ താണ്ടി വെള്ളം ശേഖരിക്കേണ്ട അവസ്ഥയാണ്. പല സ്ഥലങ്ങളിലും കുടിവെള്ളത്തിനായി നീണ്ട നിരകളും തിരക്കും പതിവായി മാറിയിട്ടുണ്ട്.
നിലവിൽ എട്ട് ഗ്രാമങ്ങളിലെയും 43 പാടങ്ങളിലെയും ജനങ്ങൾക്ക് 14 ടാങ്കറുകൾ വഴി വെള്ളം വിതരണം ചെയ്യുന്നതായി ജലവിതരണ വകുപ്പ് വ്യക്തമാക്കി. എന്നാൽ, നിരവധി പ്രദേശങ്ങൾ ഇപ്പോഴും ടാങ്കർ സേവനത്തിനായി കാത്തിരിക്കുകയാണെന്നത് ആശങ്ക വർധിപ്പിക്കുന്നു.
കസാര മേഖല ഉൾപ്പെടെ ചില പ്രദേശങ്ങളിൽ സ്ഥിതി അതീവ ഗുരുതരമാണ്. സ്ത്രീകൾ കിണറുകളിൽ ഇറങ്ങി പാത്രങ്ങളിൽ വെള്ളം ശേഖരിക്കുന്ന ദൃശ്യങ്ങൾ സാധാരണമാകുമ്പോൾ, ചില ഗ്രാമങ്ങളിൽ രണ്ടുദിവസത്തിലൊരിക്കൽ മാത്രമാണ് ടാങ്കർ എത്തുന്നത്. ഇതോടെ കുടുംബങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങൾക്കുപോലും വെള്ളം ലഭിക്കാത്ത അവസ്ഥയാണ്.
അധികൃതർ നിലവിൽ സ്ഥിതി നിയന്ത്രണത്തിലുള്ളതാണെന്ന് വ്യക്തമാക്കുമ്പോഴും, വരും ആഴ്ചകളിൽ ചൂട് കൂടുന്നതോടെ പ്രതിസന്ധി രൂക്ഷമാകുമെന്ന ആശങ്ക ഉയരുന്നു. ആവശ്യമായ അടിയന്തര നടപടികൾ കൈക്കൊള്ളാത്ത പക്ഷം മേയ് മാസത്തിൽ ജലക്ഷാമം കൂടുതൽ കടുത്തതാകുമെന്നാണ്ആശങ്ക.