മോഹിനിയാട്ടത്തിലൂടെ ‘ദേവയാനി’യായി നീനാ പ്രസാദ് താനെയിൽ

by WhatsUp Mumbai

മകളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കുന്ന ഒരു അച്ഛനും, ആ സ്നേഹത്തിന്റെ പശ്ചാത്തലത്തിൽ വളർന്ന ഒരു പിടിവാശിക്കാരിയായ മകളും അതു സൃഷ്‌ടിക്കുന്ന സങ്കീർണമായ ജീവിത സമസ്യകളും ചേർന്ന പുരാവൃത്തം, ‘ദേവയാനി’ എന്ന ആവിഷ്‌കാരത്തിലൂടെ പ്രമുഖ മോഹിനിയാട്ടം നർത്തകിയും ഗവേഷകയും ഗുരുവുമായ ഡോ നീന പ്രസാദ് മുംബൈയിൽ മാർച്ച 21 ന് താനെയിൽ അവതരിപ്പിക്കും.

താനെയിലെ ധ്വനി – സ്പേസ് ഓഫ് ഡാൻസ് സ്കൂൾ, ഇപ്റ്റ കേരള മുംബൈ ഘടകവുമായി കൈ കോർത്ത് 
വൈകിട്ട് 6.59 pm ന് താനെയിലെ ഉപവൻ ആംഫി തിയേറ്ററിലാണ്  ദേവയാനിക്ക് വേദി ഒരുക്കുന്നത്.

പുരാണങ്ങളിൽ നിന്നുള്ള ദേവയാനിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ ഈ നൃത്താവിഷ്‌കാരം ഒരു പെൺകുട്ടിയുടെ വികാരങ്ങളെയും ബാലിശമായ തീരുമാനങ്ങളെയും അതിൻ്റെ അനന്തര ഫലങ്ങളെയും അവതരിപ്പിക്കുന്നു.

കിണറ്റിൽ വീണു പോയ ദേവയാനിയെ രക്ഷിച്ച രാജാവ് യയാതിയെ ഭർത്താവായി വേണമെന്നാവശ്യപ്പെട്ടപ്പോൾ, അച്ഛനായ ശുക്രചാര്യർ മകളുടെ ആഗ്രഹം സാധിച്ചു കൊടുക്കുന്ന കഥയിലെ പ്രധാന ഘട്ടത്തെയാണ് നീന പ്രസാദ് രംഗത്തെത്തിക്കുന്നത്.

അതേസമയം, മൃതസഞ്ജീവനി മന്ത്രം പഠിക്കാൻ വന്ന കചനോടു ദേവയാനിക്ക് തോന്നിയ പ്രണയം പിന്നീട് നിരവധി ദുരന്തങ്ങൾക്ക് വഴിതെളിക്കുന്നതിലേക്ക് കഥ വികസിക്കുന്നു.

ഇതിലൂടെ ഇന്നത്തെ സമൂഹത്തിൽ പ്രണയത്തിൽ പെട്ട് ജീവിതത്തിലെ പ്രധാന തീരുമാനങ്ങൾ പക്വതയില്ലാതെ എടുക്കുന്ന കൗമാരക്കാരുടെ മനോഭാവവും അതിന്റെ പ്രതിഫലനങ്ങളും കൂടി അവതരിപ്പിക്കുക വഴി വർത്തമാന പരിസരത്തേക്കുള്ള ദർപ്പണം കൂടിയായി ഈ നൃത്തശില്പത്തെ നീന പ്രസാദ് മാറ്റിത്തീർക്കുന്നു.

മാർച്ച് 21 ന് വൈകിട്ട് 6.59 ന് തുടങ്ങുന്ന
ഈ മനോഹരമായ കലാനുഭവത്തിന്റെ സാക്ഷികളാകാൻ നിരവധി പേരെത്തും.

പ്രണയത്തിന് കലുഷിതമായ ചോരയുടേയും ആസിഡിൻ്റേയും മുറിപ്പാടുകളുള്ള ഈ കാലത്ത്
ഇതാദ്യമായാണ് നീന പ്രസാദ് ദേവയാനിയെ മുംബൈയിൽ അവതരിപ്പിക്കുന്നത്.

താനെയിൽ ദേവയാനിയെ കൂടാതെ നീനാ പ്രസാദ് മറ്റവതരണങ്ങളും അരങ്ങേറ്റും.

നീനാ മോഹനം എന്ന നൃത്തസന്ധ്യ അരങ്ങേറുന്നത്, നിരവധി പ്രശസ്തങ്ങളായ നൃത്ത അവതരണങ്ങൾക്ക് വേദിയായ ആംഫി തിയ്യറ്ററിലാണ്.

വര്‍ഷങ്ങളായി ഇന്ത്യക്കകത്തും   പുറത്തും ആയിരക്കണക്കിന് വേദികളില്‍ നൃത്തം ചെയ്യുന്ന മോഹിനിയാട്ടം നര്‍ത്തകിയാണ് നീന പ്രസാദ്. നൃത്തത്തെ ഉപാസിക്കുന്ന ഒരു കലാകാരി എന്നതിന് ഉപരിയായി അവർ  കേരളത്തിന്റെ തനതുകലയായ മോഹിനിയാട്ടത്തിന് പുതിയ പരിപ്രേക്ഷ്യങ്ങൾ നൽകി വരുന്നു.

കൂടുതൽ വിവരങ്ങൾക്ക്: +91 86523 52427

You may also like