രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ നിന്ന് സംസ്കൃതപ്രേമികൾ; ഐഐടി ബോംബെയിൽ ‘ഋതം’2026 ശ്രദ്ധേയമായി

by WhatsUp Mumbai

മുംബൈ: മുംബൈയിലെ Indian Institute of Technology Bombay (ഐഐടി ബോംബെ) ക്യാമ്പസിൽ പ്രവർത്തിക്കുന്ന സംസ്കൃത പഠന കേന്ദ്രം സംഘടിപ്പിച്ച വാർഷിക സംസ്കൃതോത്സവമായ ‘ഋതം–2026’ മാർച്ച് 8-ന് ആവേശത്തോടെ നടന്നു.

“സഹസ്രമുഖേഷു സംസ്കൃതം” എന്ന സംരംഭത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഉത്സവത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംസ്കൃത പണ്ഡിതരും വിദ്യാർത്ഥികളും കലാകാരന്മാരും സംസ്കൃതപ്രേമികളും പങ്കെടുത്തു.

പ്രശസ്ത എഴുത്തുകാരി അമി ഗാനത്രയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ സംസ്കൃത സ്റ്റുഡിയോയുടെ ഉൽപ്പന്നങ്ങളും അമി ഗണാത്രയുടെയും ഡോ.ശ്രീഹരി ഗോകർണകറുടെയും പുസ്തകങ്ങളും പ്രകാശനം ചെയ്തു. കൂടാതെ സംസ്കൃത പഠന കേന്ദ്രത്തിന്റെ ഔദ്യോഗിക ചിഹ്നവും ചടങ്ങിൽ അനാച്ഛാദനം ചെയ്തു.

ഉദ്ഘാടന സമ്മേളനത്തിൽ പ്രൊഫസർമാരായ ഗണേഷ് ബോർക്കഡെ, ഗണേഷ് രാമകൃഷ്ണൻ, നീരജ് കുംഭകർണ, ജയ്ദീപ് ജോഷി, ഹരികുമാർ മേനോൻ, ഡോ. എ.എസ്. പ്രസാദ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ആധുനിക ലോകത്ത് സംസ്കൃത സാഹിത്യത്തിന്റെ പ്രസക്തിയും അതിലെ ജ്ഞാനസമ്പത്തും വിഷയമാക്കി അമി ഗണാത്രയും Dr. നാരായൺ ദത്ത് മിശ്രയും പ്രഭാഷണം നടത്തി.

മുംബൈയ്ക്ക് പുറമെ രാജ്യത്തെ 21 നഗരങ്ങളിൽ നിന്നുള്ള സംസ്കൃതപ്രേമികൾ ഉത്സവത്തിൽ പങ്കെടുത്തു. ഭഗവദ്ഗീത പദശൃംഖല, അക്ഷരശ്ലോക മത്സരം തുടങ്ങിയ പരിപാടികളിൽ പങ്കെടുത്തവർ ആവേശത്തോടെ പങ്കാളികളായി.

സംരംഭത്തിൽ ശ്രദ്ധേയമായ സംഭാവന നൽകിയ വിദ്യാർത്ഥികളെയും സന്നദ്ധപ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് ഡോ. പ്രസാദ് ഭിഡെയുടെ ‘ധന്യോ ഗൃഹസ്ഥാശ്രമഃ’ എന്ന സംസ്കൃത നാടകം, ആസവാരി ഫാഡ്കെയും സംഘവും അവതരിപ്പിച്ച നൃത്തപരിപാടി, ഗുരുകുല വിദ്യാർത്ഥികളുടെ സംഗീതാവിഷ്‌കാരം, സംസ്കൃതശ്രീ സ്ഥാപനത്തിന്റെ ‘ശ്രാവ്യ – സംസ്കൃത സിംഫണി’ എന്നീ കലാപരിപാടികളും അരങ്ങേറി.

സാംസ്കാരിക പരിപാടികളും അത്താഴവുമൊടുകൂടി നടന്ന ‘ഋതം–2026’, സംസ്കൃത ഭാഷയും സാഹിത്യവും ആഘോഷിച്ച ശ്രദ്ധേയമായ ദിനമായി മാറി.

You may also like