മുംബൈ: ഇറാൻ–ഇസ്രായേൽ സംഘർഷത്തെ തുടർന്ന് നഗരത്തിൽ രൂക്ഷമായ പാചകവാതക ക്ഷാമം ഉണ്ടാകുന്നതോടെ മുംബൈയിലെ പ്രശസ്ത ദക്ഷിണേന്ത്യൻ ഭക്ഷണശാലയായ മണീസ് ലഞ്ച് ഹോം പ്രവർത്തനം നിയന്ത്രിക്കേണ്ട സാഹചര്യമാണെന്ന് ഉടമകളിൽ ഒരാളായ രാജാമണി അയ്യർ അറിയിച്ചു. മാട്ടുങ്ക സയൺ ഉൾപ്പെടെയുള്ള ശാഖകൾ പാചകത്തിനായി മുഴുവനായും എൽപിജി സിലിണ്ടറുകളെയാണ് ആശ്രയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ പ്രതിസന്ധികളിലും ഉപഭോക്താക്കളുടെ പിന്തുണയോടെ മുന്നോട്ട് പോകാൻ കഴിഞ്ഞതായി രാജാമണി അയ്യർ പറഞ്ഞു. കോവിഡ് മഹാമാരിയുടെ കടുത്ത ദിവസങ്ങളിലുപോലും ഹോട്ടൽ അടയ്ക്കാതെ സേവനം തുടരാൻ കഴിഞ്ഞത് ഉപഭോക്താക്കളുടെ വിശ്വാസവും പിന്തുണയും കൊണ്ടാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സ്വാതന്ത്ര്യത്തിന് മുൻപ് ആരംഭിച്ച മണീസ് ലഞ്ച് ഹോം വർഷങ്ങളായി മുംബൈയിലെ മലയാളികൾക്കും ദക്ഷിണേന്ത്യൻ ഭക്ഷണപ്രേമികൾക്കും പ്രിയപ്പെട്ട സ്ഥാപനമാണ്. മുതിർന്ന പൗരന്മാർ മുതൽ കോളേജ് വിദ്യാർത്ഥികൾ വരെ നിരവധി ആളുകൾ ദിവസേന ആശ്രയിക്കുന്ന ഹോട്ടലാണ് ഇത്.
ഗ്യാസ് ലഭ്യത കുറഞ്ഞതോടെ ചില വിഭവങ്ങൾ താൽക്കാലികമായി മെനുവിൽ നിന്ന് ഒഴിവാക്കുകയും ചില ഓർഡറുകൾ സ്വീകരിക്കാതിരിക്കുകയും ചെയ്യേണ്ടിവന്നതായി രാജാമണി അയ്യർ വ്യക്തമാക്കി.
“ഉപഭോക്താക്കളെ മനസ്സുനിറഞ്ഞ് സേവിക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. എന്നാൽ നിലവിലെ സാഹചര്യം കാരണം ചില നിയന്ത്രണങ്ങൾ വരുത്തേണ്ടിവരുന്നത് ഏറെ വിഷമകരമാണ്,” അദ്ദേഹം പറഞ്ഞു.
സ്ഥിതി ഉടൻ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഉപഭോക്താക്കളുടെ പിന്തുണയും സഹകരണവും തുടരുമെന്ന വിശ്വാസമുണ്ടെന്നും രാജാമണി അയ്യർ കൂട്ടിച്ചേർത്തു.