മുംബൈ: നഗരത്തിൽ രൂക്ഷമായ പാചകവാതക ക്ഷാമം സാധാരണ ജനങ്ങളെയും ചെറിയ വ്യാപാരികളെയും കടുത്ത ബുദ്ധിമുട്ടിലാക്കുന്നുവെന്ന് ആരോപിച്ച് മുംബൈ കോൺഗ്രസ് പ്രതിഷേധത്തിന് ഒരുങ്ങുന്നു. മാർച്ച് 13, 14 തീയതികളിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പാർട്ടി നേതാക്കൾ അറിയിച്ചു.
വാണിജ്യ എൽപിജി സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ മുംബൈയിലെ ഹോട്ടലുകൾ, ചെറിയ ഭക്ഷണശാലകൾ, തെരുവ് ഭക്ഷണവ്യാപാരികൾ എന്നിവരുടെ പ്രവർത്തനം ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ഗ്യാസ് ലഭിക്കാത്തതിനാൽ നഗരത്തിലെ ഏകദേശം 25 ശതമാനം ഹോട്ടലുകൾ ഇതിനകം പൂട്ടേണ്ടിവന്നതായും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷം മൂലം വിതരണ ശൃംഖല തകരാറിലായതാണ് ഗ്യാസ് ക്ഷാമത്തിന് കാരണമെന്നാണ് പാർട്ടി പറയുന്നത്. ഇത്രയും ഗുരുതരമായ സാഹചര്യത്തിലും പ്രശ്നം പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും കോൺഗ്രസ് വിമർശിച്ചു.
മുംബൈയിൽ ലക്ഷക്കണക്കിന് തൊഴിലാളികളും ഓഫീസ് ജീവനക്കാരും ദിവസേന ചെറിയ ഹോട്ടലുകളെയും തെരുവ് ഭക്ഷണവ്യാപാരികളെയും ആശ്രയിച്ചാണ് ഭക്ഷണം കഴിക്കുന്നത്. ഗ്യാസ് ക്ഷാമം മൂലം ഈ മേഖലയിലെ പ്രവർത്തനം തടസ്സപ്പെടുന്നത് സാധാരണ ജനങ്ങളുടെ ജീവിതത്തെയും നേരിട്ട് ബാധിക്കുന്നുവെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
ഗ്യാസ് വിതരണ പ്രശ്നം ഉടൻ പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും മതിയായ സിലിണ്ടർ വിതരണം ഉറപ്പാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുയർത്തിയാണ് നഗരമൊട്ടാകെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് പാർട്ടി വ്യക്തമാക്കി.