ജാഗ്രത വേണം; മഹാരാഷ്ട്രയിൽ ജലജന്യ രോഗങ്ങൾ വീണ്ടും വർധിക്കുന്നു

by admin

മുംബൈ: മഹാരാഷ്ട്രയിൽ ജലജന്യ രോഗങ്ങൾ വീണ്ടും വർധിക്കുന്നതായി ആരോഗ്യ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. മലിനജലവും ശുചിത്വക്കുറവും മൂലം പകരുന്ന രോഗങ്ങൾ സംസ്ഥാനത്ത് ആശങ്കയുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്.

ആരോഗ്യ വകുപ്പിന്റെ വിവരങ്ങൾ പ്രകാരം വയറിളക്കം (ഡയറിയ) ബാധിതരുടെ എണ്ണം 2025-ൽ കൂടി. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 3,68,787 കേസുകൾ റിപ്പോർട്ട് ചെയ്തു. 2023-ൽ ഇത് 3,25,927 ആയിരുന്നപ്പോൾ 2024-ൽ 3,65,192 ആയി ഉയർന്നിരുന്നു. ഇതോടെ കഴിഞ്ഞ മൂന്ന് വർഷമായി രോഗികളുടെ എണ്ണം ഉയരുന്ന പ്രവണത തുടരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.

അതേസമയം ഗാസ്റ്റ്രോഎന്ററൈറ്റിസ് കേസുകളിൽ ചെറിയ കുറവ് രേഖപ്പെടുത്തി. 2025-ൽ 23,688 കേസുകൾ റിപ്പോർട്ട് ചെയ്തു. 2023-ൽ 27,757 കേസുകളും 2024-ൽ 27,582 കേസുകളും രേഖപ്പെടുത്തിയിരുന്നു.

കോളറ കേസുകളിലും വലിയ വ്യത്യാസമാണ് കാണുന്നത്. 2023-ൽ 22 കേസുകളും ഒരു മരണവും രേഖപ്പെടുത്തിയപ്പോൾ, 2024-ൽ കേസുകൾ 1,028 ആയി ഉയർന്ന് നാല് പേർ മരിച്ചു. 2025-ൽ കേസുകൾ 203 ആയി കുറഞ്ഞെങ്കിലും മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇതോടൊപ്പം മറ്റ് ജലജന്യ രോഗങ്ങളും സംസ്ഥാനത്ത് തുടരുന്നു. 2025-ൽ ടൈഫോയ്ഡ് 43,047 കേസുകൾ, ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മലിനജലവും ശുചിത്വക്കുറവും ജലജന്യ രോഗങ്ങൾ വ്യാപിക്കാൻ പ്രധാന കാരണമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജനങ്ങൾ തിളപ്പിച്ചോ ശുദ്ധീകരിച്ചോ ഉള്ള വെള്ളം മാത്രം കുടിക്കണമെന്നും പരിസര ശുചിത്വം പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

You may also like