ഹോസ്റ്റലിൽ ക്രൂരത; സഹപാഠികളെ പീഡിപ്പിച്ച കേസിൽ നാസിക്കിൽ ഏഴ് വിദ്യാർത്ഥികൾക്കെതിരെ നടപടി

by WhatsUp Mumbai

നാസിക്: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ ഹോസ്റ്റലിൽ സഹപാഠികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഏഴ് സ്കൂൾ വിദ്യാർത്ഥികളെ പൊലീസ് പിടികൂടി. ഹോസ്റ്റലിൽ താമസിക്കുന്ന ചെറുപ്പക്കാരായ വിദ്യാർത്ഥികളെയാണ് ഇവർ പീഡിപ്പിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.

സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്സുൾ ഒഫൻസ് ആക്ട് (പോക്സോ) നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് ഇവരെ ജുവനിൽ ജസ്റ്റിസ്‌ ബോർഡ്‌ മുൻപാകെ ഹാജരാക്കിയതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ ആറ് മുതൽ ഏഴ് മാസത്തോളമായി ഹോസ്റ്റലിനുള്ളിൽ പീഡനം നടന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികൾ സാമൂഹികമായി പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട കുടുംബങ്ങളിലെ വിദ്യാർത്ഥികളാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഒരു വിദ്യാർത്ഥിനി സംഭവത്തെക്കുറിച്ച് മാതാപിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതോടെ അന്വേഷണം ആരംഭിച്ചു.

സംഭവം ഉടൻ റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്ന് ഹോസ്റ്റൽ സൂപ്രണ്ടിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഹോസ്റ്റൽ താൽക്കാലികമായി അടച്ചതോടൊപ്പം ജില്ലാ ഭരണകൂടം വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

You may also like