മുംബൈ–പുണെ ഹൈവേയിലെ അപകടങ്ങളിൽ ആയിരങ്ങൾക്ക് ജീവൻ തിരികെ നൽകി; ഖോപോളിയിലെ ഹെൽപ്പ് ഫൗണ്ടേഷൻ

by WhatsUp Mumbai

റായ്ഗഡ് : റായ്ഗഡ് ജില്ലയിലെ ഖോപോളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഹെൽപ്പ് ഫൗണ്ടേഷൻ’ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി റോഡ് അപകടങ്ങളിൽപ്പെട്ടവർക്കു സഹായഹസ്തമായി പ്രവർത്തിക്കുന്നു. ഇതുവരെ 5,000ത്തിലധികം അപകടബാധിതർക്കു അടിയന്തര സഹായം നൽകിയതായും 2,000ത്തിലധികം ആളുകളുടെ ജീവൻ രക്ഷിച്ചതായും സംഘടന അറിയിച്ചു.

1991-ൽ മുംബൈ–പുണെ പഴയ ദേശീയപാതയിൽ ഉണ്ടായ ഒരു അപകടത്തെ തുടർന്നാണ് ഈ സേവന പ്രവർത്തനങ്ങൾക്ക് തുടക്കം. ഖോപോളി സ്വദേശിയായ ഗുരുനാഥ് രാംചന്ദ്ര സാഥെൽക്കർ ആരംഭിച്ച ശ്രമം പിന്നീട് സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മയായി വളർന്നു.

2015-ൽ ‘ഹെൽപ്പ് ഫൗണ്ടേഷൻ’ രൂപീകരിക്കുകയും 2017-ൽ ചാരിറ്റി ട്രസ്റ്റായി രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇന്ന് മുംബൈ–പുണെ എക്സ്പ്രസ്‌വേ ഉൾപ്പെടെ പ്രധാന ഹൈവേകളിൽ അപകടമുണ്ടാകുമ്പോൾ സംഘം ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നു.

അപകടങ്ങൾക്കൊപ്പം ഗ്യാസ് ചോർച്ച, വെള്ളപ്പൊക്കം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിലും സംഘടന സൗജന്യ സേവനം നൽകുന്നുണ്ട്.

You may also like