മറാത്തി ഭാഷാദിനത്തിൽ സ്മാർട്ട് സമ്മാനം; താനെ സ്കൂളിന് ഹിൽഗാർഡൻ അയ്യപ്പ ഭക്ത സംഘത്തിന്റെ കരുതൽ

by WhatsUp Mumbai

താനെ : താനെ മുനിസിപ്പൽ സ്കൂൾ നമ്പർ 50-ന്റെ അഭ്യർത്ഥന പ്രകാരം, ഏകദേശം 125 വിദ്യാർത്ഥികളുടെ ഡിജിറ്റൽ പഠനത്തിന് സഹായകരമാകുന്ന പുതിയ സ്മാർട്ട് ടിവി ഹിൽഗാർഡൻ അയ്യപ്പ ഭക്ത സംഘം സ്കൂളിന് സമ്മാനിച്ചു. സ്പോൺസർമാരുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെയാണ് സ്മാർട്ട് ടിവിയും വി-ഗാർഡ് സ്റ്റബിലൈസറും കൈമാറിയത്. ഇതോടെ കുട്ടികൾക്ക് ആധുനിക സാങ്കേതിക സൗകര്യങ്ങളിലൂടെ പഠിക്കാനുള്ള മികച്ച അവസരം ലഭിച്ചു.

മറാത്തി ഭാഷാ ദിനമായ ഇന്ന് രാവിലെ 10.30-ന് കൊകണിപാഡ മുനിസിപ്പൽ സ്കൂൾ നമ്പർ 50-ൽ ലളിതമായ ചടങ്ങോടെയായിരുന്നു ഉപകരണങ്ങളുടെ കൈമാറ്റം. പഠന നിലവാരം ഉയർത്തുന്നതിനും കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും ഈ സൗകര്യം വലിയ പിന്തുണയാകുമെന്ന് അധ്യാപകർ അറിയിച്ചു.

ചടങ്ങിൽ ഡോ. വേണുഗോപാൽ മേനോനും മഞ്ജു മേനോനും പങ്കെടുത്ത് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് പ്രചോദനാത്മക സന്ദേശങ്ങൾ നൽകി. ഹെഡ്മിസ്ട്രസ് ഉർമിള ആർ. ഗാവ്ലേയും സീനിയർ അധ്യാപകൻ ജഗന്നാഥ് ജാധവും കഴിഞ്ഞ 15 വർഷമായി സ്കൂളിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സ്ഥിരമായി കൈത്താങ്ങായ സംഘത്തെയും അതിന്റെ ഭാരവാഹികളെയും ഹൃദയപൂർവ്വം അഭിനന്ദിച്ചു.

പ്രൈമറി വിഭാഗം വിദ്യാർത്ഥികളുടെ ഇംഗ്ലീഷും ഗണിതവും മെച്ചപ്പെടുത്താൻ സ്വമേധയാ പഠനം നൽകി വരുന്ന സംഘത്തിലെ വോളണ്ടിയർ സുധ നായർക്കും ഹെഡ്മിസ്ട്രസ് പ്രത്യേക നന്ദി അറിയിച്ചു. സംഘത്തിന്റെ സെക്രട്ടറി ശശികുമാർ നായർ മറാത്തി ഭാഷയുടെ മഹത്ത്വവും മാതൃഭാഷയുടെ പ്രാധാന്യവും ചൂണ്ടിക്കാട്ടി സംസാരിച്ചു. ഈ നല്ല പ്രവർത്തനത്തിന് പിന്തുണ നൽകിയ എല്ലാ അഭ്യുദയകാംക്ഷികൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ഷെജൽ ധേബെ സ്കൂളിന്റെ ഭാഗത്ത് നിന്ന് നന്ദിപ്രസംഗം നടത്തി. ചടങ്ങിന് ശേഷം സംഘത്തിലെ വോളണ്ടിയർമാർ എല്ലാ കുട്ടികൾക്കും മിഠായികൾ വിതരണം ചെയ്തു.

You may also like