മുംബൈ : മുംബൈ ലോക്കൽ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും യാത്ര ചെയ്യുന്ന സ്ത്രീകളുടെ ഫോട്ടോകളും വീഡിയോകളും അവരുടെ അനുവാദമില്ലാതെ രഹസ്യമായി പകർത്തി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങളാക്കി മാറ്റിയ സംഭവത്തിൽ 31 കാരനായ യുവാവിനെ മുംബൈ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. വസായ് പ്രദേശത്ത് ടെയ്ലറായി ജോലി ചെയ്തുവരികയായിരുന്നു പ്രതി.
പ്ലേബോയ് (‘Playboy’) എന്ന വ്യാജ ഇൻസ്റ്റാഗ്രാമിൽ പ്രൊഫൈൽ പേരുണ്ടാക്കി, ഒരു പെൺകുട്ടിയുടെ ഫോട്ടോയും ഉപയോഗിച്ചാണ് ഇയാൾ ഇത്തരം മോർഫ് ചെയ്ത ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. ഇൻസ്റ്റാഗ്രാമിൽ കൂടുതൽ വ്യൂവേഴ്സിനെയും ലൈക്കുകളെയും നേടുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി ഈ കൃത്യം നടത്തിയിരുന്നത്. പ്രതി അപ്ലോഡ് ചെയ്ത ഒരു റീൽസിന് ലക്ഷത്തിലധികം വ്യൂസ് ലഭിച്ചിരുന്നു. ഈ സൈബർ കുറ്റകൃത്യം മൂലം അപമാനിക്കപ്പെട്ട ഒരു യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൗത്ത് സൈബർ പൊലീസ് സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
വിപുലമായ സാങ്കേതിക പരിശോധനയിലൂടെയും ഡിജിറ്റൽ തെളിവുകൾ വിശകലനം ചെയ്തുമാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തതായും അതിൽ നിരവധി സ്ത്രീകളുടെ അനുവാദമില്ലാതെ പകർത്തിയ ഫോട്ടോകളും വീഡിയോകളും അടങ്ങിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.