മുംബൈ : വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ച് പ്രായം മറച്ചുവെച്ച് നടക്കുന്ന ബാലവിവാഹങ്ങളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ പ്രസവങ്ങളും വ്യാപകമായതോടെയാണ് കർശന നടപടിയുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിവാഹങ്ങളും ഗർഭധാരണങ്ങളും രജിസ്റ്റർ ചെയ്യുന്നതിന് സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിക്കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിട്ടു.
വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ച് പ്രായം തിരുത്തി വിവാഹം കഴിക്കുന്നതും പ്രസവങ്ങൾ നടത്തുന്നതുമായ നിരവധി സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഈ സുപ്രധാന തീരുമാനം. യഥാർത്ഥ പ്രായം കൃത്യമായി കണ്ടെത്താനും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനും പുതിയ ഉത്തരവിലൂടെ സാധിക്കും.
തങ്ങളുടെ എൻജിഒയുടെ നിരന്തരമായ ആവശ്യപ്രകാരമാണ് വിവാഹവും ഗർഭധാരണവും രജിസ്റ്റർ ചെയ്യാൻ സ്കൂൾ രേഖകൾ നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ഉണ്ടായതെന്ന് സോലാപൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മഹാത്മാ ഫൂലെ സമാജ് സേവ മഞ്ച് സംഘടനയുടെ അമരക്കാരനായ പ്രമോദ് ജിൻജാഡെ അവകാശപ്പെട്ടു. സ്കൂൾ ലീവിങ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റുകൾ വ്യാജമായി നിർമ്മിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.