നവി മുംബൈ: പ്രവാസി ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയത്തിലുണ്ടായ വൻ വർധനവിലും ക്ഷേമ പെൻഷൻ വിതരണത്തിലെ കാലതാമസത്തിലും പ്രതിഷേധിച്ച് കേരളീയ കേന്ദ്ര സംഘടനയുടെ (കെ.കെ.എസ്.) ആഭിമുഖ്യത്തിൽ സംയുക്ത യോഗം സംഘടിപ്പിക്കുന്നു. 2026 നവംബർ 3 ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് നവി മുംബൈ നെരൂൾ സെക്ടർ 19-ലെ ഇന്ത്യൻ മറൈൻ എഞ്ചിനീയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് (IMEI) ഹാളിലാണ് (സീവുഡ് റെയിൽവേ സ്റ്റേഷന് എതിർവശം) യോഗം നടക്കുക.

മുംബൈയിലെ വിവിധ മലയാളി സമാജങ്ങളിലെ അംഗങ്ങൾ, ഭാരവാഹികൾ, മറ്റ് സാമൂഹ്യ, സാംസ്കാരിക, സന്നദ്ധ സംഘടനകളിലെ പ്രവർത്തകർ എന്നിവരെ പങ്കെടുപ്പിച്ചാണ് പരിപാടി നടത്തുവാൻ തീരുമാനിച്ചിട്ടുള്ളത്. പ്രീമിയം വർധനവ് മൂലമുണ്ടായ അധിക സാമ്പത്തിക ബാധ്യതയും പെൻഷൻ വിതരണത്തിലെ താമസവും പ്രവാസി സമൂഹത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
വിഷയത്തിൽ മുംബൈയിലെ പ്രവാസികളുടെ എതിർപ്പും ആശങ്കയും കേരള മുഖ്യമന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും ശ്രദ്ധയിൽപ്പെടുത്താനും നിലവിലെ നടപടികൾ പുനഃപരിശോധിച്ച് തിരുത്തലുകൾ വരുത്താൻ ആവശ്യപ്പെടാനുമാണ് യോഗം ലക്ഷ്യമിടുന്നത്.
ബാധിക്കപ്പെട്ട ഇൻഷുറൻസ് പോളിസി ഉടമകളും സംഘടന ഭാരവാഹികളും യോഗത്തിൽ പങ്കെടുത്ത് അഭിപ്രായങ്ങളും പ്രതിഷേധവും രേഖപ്പെടുത്തണമെന്നും തുടർപ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും കേരളീയ കേന്ദ്ര സംഘടന അഭ്യർത്ഥിച്ചു.