കൊങ്കൺ പാതയിൽ ട്രെയിൻ മോഷണപരമ്പര തുടരുന്നു: ഉറക്കത്തിനിടെ മലയാളി കുടുംബത്തിന്റെ ഹാൻഡ് ബാഗ് കവർന്നു; മൊബൈലും പണവും ആഭരണങ്ങളും നഷ്ടമായി

by admin

മുംബൈ : കൊങ്കൺ റെയിൽവേ പാതയിൽ യാത്രക്കാരെ ഭീതിയിലാഴ്ത്തി മോഷണ പരമ്പര തുടരുന്നു. 22113 മുംബൈ എൽടിടി – കൊച്ചുവെളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിൽ യാത്ര ചെയ്യുകയായിരുന്ന മലയാളി കുടുംബത്തിന്റെ ഹാൻഡ് ബാഗാണ് കവർന്നത്. രത്നഗിരിയിൽ സ്ഥിരതാമസമാക്കിയ ഷാജു മോൻ, ഭാര്യ ഷൈനി, മകൻ ജിയോ എന്നിവർ എറണാകുളത്തേക്ക് നടത്തുന്ന യാത്രയ്ക്കിടെയായിരുന്നു സംഭവം.

ഒക്ടോബർ 27 ചൊവ്വാഴ്ച രാത്രി 11:30-നാണ് ഇവർ രത്നഗിരിയിൽ നിന്ന് ട്രെയിനിൽ കയറിയത്. യാത്രയ്ക്കിടയിൽ ട്രെയിനിൽ ഉറങ്ങുകയായിരുന്ന സമയത്താണ് ഷൈനിയുടെ ഹാൻഡ് ബാഗ് കവർന്നത്. ഒക്ടോബർ 28 രാവിലെ 5:30-ന് ട്രെയിൻ മഡ്ഗാവിൽ എത്തിയപ്പോഴാണ് ബാഗ് കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടത്.

മൊബൈൽ ഫോൺ, 3,000 രൂപ ക്യാഷ്, എടിഎം കാർഡ്, സിൽവർ നെക്‌ളേസ് എന്നിവയാണ് മോഷണം പോയത്. ഏകദേശം 25,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
സംഭവത്തെ തുടർന്ന് ആദ്യം റെയിൽ മദദ് വഴി പരാതി നൽകി. തുടർന്ന് കാർവാറിൽ വച്ച് ആർപിഎഫ് ഉദ്യോഗസ്ഥരെത്തി വിവരങ്ങൾ ശേഖരിച്ചു. മേൽനടപടികൾക്കായി പിന്നീട് എറണാകുളം സ്റ്റേഷനിലും പരാതി നൽകി.

അതേസമയം, എറണാകുളം സ്റ്റേഷനിൽ പരാതി നൽകാൻ പോയപ്പോൾ ട്രെയിനുകളിൽ മോഷണത്തിന് ഇരയായ നിരവധി പേരെ കാണാൻ കഴിഞ്ഞതായി മകൻ ജിയോ പറഞ്ഞു. മൊബൈൽ ഫോണും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടവരെയാണ് അവിടെ കാണാൻ കഴിഞ്ഞതെന്ന് ജിയോ വ്യക്തമാക്കി.

കൊങ്കൺ പാതയിൽ ഈയടുത്ത കാലത്തായി, പ്രത്യേകിച്ച് കഴിഞ്ഞ രണ്ടു മാസക്കാലയളവിൽ നിരവധി മോഷണങ്ങളാണ് നടക്കുന്നത്.ഇത് മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. ട്രെയിനുകളിൽ നിരന്തരമുണ്ടാകുന്ന മോഷണങ്ങൾ അതിന്റെ പരകോടിയിൽ എത്തിനിൽക്കുമ്പോൾ, സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ വലിയ ഭീതിയോടെയാണ് ഇതിനെ വീക്ഷിക്കുന്നത്. ഈ കവർച്ചകളിൽ കൂടുതലും സ്ത്രീകളാണ് ഇരയാകുന്നത് എന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു.

You may also like