യേർവാഡ മാനസികാരോഗ്യ കേന്ദ്രത്തിലെ കൊലപാതകം: ഇരയുടെ ഭാര്യയ്ക്ക് 22 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ബോംബെ ഹൈക്കോടതി ഉത്തരവ്

by admin

മുംബൈ: പൂനെ യെർവാദ പ്രാദേശിക മാനസികാരോഗ്യ കേന്ദ്രത്തിൽ വച്ച് ഭർത്താവ് സഹ അന്തേവാസിയുടെ മർദ്ദനമേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യയ്ക്ക് 22.38 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മഹാരാഷ്ട്ര സർക്കാരിന് ബോംബെ ഹൈക്കോടതി ഉത്തരവ്. സർക്കാർ സ്ഥാപനത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ സുരക്ഷാവീഴ്ചയും അനാസ്ഥയും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ബി.പി. കൊളാബാവാല, എം.എം. സാഥായെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഈ സുപ്രധാന വിധി.

2013-ൽ ചികിത്സയിലായിരുന്ന സുരേഷ് പർദേശി എന്ന അന്തേവാസിയെ മറ്റൊരു രോഗി ഇരുമ്പ് കമ്പികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ആശുപത്രി അധികൃതരുടെ വീഴ്ചയാണ് ഭർത്താവിന്റെ മരണത്തിന് കാരണമായതെന്ന് കാണിച്ച് ഭാര്യ മനിഷ പർദേശി സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന സുരേഷിന്റെ മരണത്തിന് എട്ട് ശതമാനം പലിശ സഹിതം നഷ്ടപരിഹാരം നൽകാൻ സർക്കാരിന് നിയമപരമായ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.

You may also like