യുവതി തൂങ്ങി മരിച്ച നിലയിൽ; അംബർനാഥ് സംഭവത്തിൽ അന്വേഷണം ശക്തം

by WhatsUp Mumbai

മുംബൈ: അംബർനാഥ് പ്രദേശത്തെ ഒരു ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ദുരൂഹത ഉയർത്തി. ആത്മഹത്യയാണോ മറ്റ് കാരണങ്ങളാണോ മരണത്തിന് പിന്നിലെന്ന് വ്യക്തമാക്കാൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

മൂന്നാം നിലയിലെ മുറിയിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവതിയാണ് മരിച്ചത്. ഹോട്ടൽ ജീവനക്കാരാണ് സംഭവം പൊലീസിനെ അറിയിച്ചത്.

പ്രാഥമിക അന്വേഷണത്തിൽ, യുവതി സഹപ്രവർത്തകനുമായി അടുത്ത ബന്ധത്തിലുണ്ടായിരുന്നുവെന്നും അടുത്തിടെ ഇരുവരും വേർപിരിഞ്ഞതായും കണ്ടെത്തി. സംഭവദിവസം തമ്മിൽ കാണാനായി ഹോട്ടലിൽ എത്തിയതായും തുടർന്ന് യുവാവ് പുറത്തുപോയതായും പൊലീസ് പറയുന്നു.

തുടർന്ന് യുവതി ഫോൺ വഴി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ലെന്നാണ് വിവരം. പിന്നീട് യുവാവ് മടങ്ങിയെത്തുമ്പോൾ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഹോട്ടൽ ജീവനക്കാരുടെ സഹായത്തോടെ വാതിൽ തുറന്നപ്പോൾ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.

ഇതിനിടെ, ഹോട്ടൽ മുറി മറ്റൊരാളുടെ പേരിൽ ബുക്ക് ചെയ്തിരുന്നതായി കണ്ടെത്തിയത് കേസിൽ കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കി. സംഭവത്തിൽ മറ്റ് ആളുകളുടെ പങ്കുണ്ടോ എന്നതടക്കം പൊലീസ് പരിശോധിക്കുന്നു.

സംഭവസ്ഥലത്ത് ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. മരണകാരണം സംബന്ധിച്ച വ്യക്തത പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ ലഭിക്കൂവെന്ന് പൊലീസ് അറിയിച്ചു.

You may also like