ചന്ദ്രനിൽ കാലുകുത്തിയ രാജ്യത്ത് മനുഷ്യൻ മനുഷ്യന്റെ വിസർജ്യം ചുമക്കുന്നു:ജാതിവ്യവസ്ഥ നിലനിൽക്കുന്ന പച്ചയായ യാഥാർത്ഥ്യം തുറന്നുകാട്ടി ബോംബെ ഹൈക്കോടതി

by WhatsUp Mumbai

മുംബൈ: രാജ്യം വൻ സാങ്കേതിക മുന്നേറ്റം നടത്തുമ്പോഴും മനുഷ്യനെക്കൊണ്ട് മാലിന്യം കോരിപ്പിക്കുന്ന ദുരാചാരം തുടരുന്നതിൽ മഹാരാഷ്ട്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബോംബെ ഹൈക്കോടതി. “ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നാം ചന്ദ്രന്റെ മറുവശത്ത് എത്തിയെന്ന് അഭിമാനത്തോടെ പറയുമ്പോഴും, ജാതിവ്യവസ്ഥയുടെ ഭാഗമായ ഈ സാമൂഹിക തിന്മ നമ്മുടെ നാട്ടിൽ ഇപ്പോഴും തുടരുന്നുവെന്നതാണ് കടുപ്പമേറിയ സത്യം,” എന്ന് ജസ്റ്റിസ് ഭാരതി ദാംഗ്രെ, ജസ്റ്റിസ് മഞ്ജുഷ ദേശ്മുഖ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

2019-ലും 2025-ലും മഹാരാഷ്ട്ര സർക്കാർ ഇറക്കിയ ഉത്തരവുകളെ ചോദ്യം ചെയ്തുള്ള ഹർജികളിലാണ് കോടതി ഈ സുപ്രധാന വിധി പ്രസ്താവിച്ചത്. സ്വകാര്യ സൊസൈറ്റികളിലോ കരാറുകാരുടെ കീഴിലോ ഓടകളും മാലിന്യതൊട്ടികളും വൃത്തിയാക്കുമ്പോൾ തൊഴിലാളികൾ മരണപ്പെടുകയോ അപകടത്തിൽപ്പെടുകയോ ചെയ്താൽ, അതിന്റെ നഷ്ടപരിഹാരം നൽകേണ്ടത് ആ സ്വകാര്യ സൊസൈറ്റികളും കരാറുകാരുമാണെന്നായിരുന്നു സർക്കാരിന്റെ ഉത്തരവ്. എന്നാൽ, ഇത്തരം വ്യവസ്ഥകൾ കാരണം ദുരന്തത്തിൽപ്പെടുന്ന കുടുംബങ്ങൾക്ക് കൃത്യസമയത്ത് സർക്കാർ സഹായം ലഭിക്കുന്നില്ലെന്ന് ‘ശ്രമിക് ജനതാ സംഘ്’ ഉൾപ്പെടെയുള്ളവർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഗായത്രി സിംഗ് കോടതിയെ അറിയിച്ചു.

തൊഴിലുടമ ആരാണെന്നതിന്റെ പേരിൽ അപകടത്തിൽപ്പെടുന്ന തൊഴിലാളികളോട് വിവേചനം കാണിക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 2013-ലെ മനുഷ്യമാലിന്യം കോറുന്നത് നിരോധിക്കലും പുനരധിവാസവും സംബന്ധിച്ച നിയമത്തിൽ ഇത്തരമൊരു വേർതിരിവില്ല. അതിനാൽ, അപകടനിലയിലുള്ള ശുചീകരണത്തിനിടെ തൊഴിലാളികൾ മരണപ്പെട്ടാൽ തദ്ദേശ സ്ഥാപനങ്ങളും സർക്കാരും ഉടൻതന്നെ അടിയന്തര ധനസഹായം നൽകണം. അതിനുശേഷം ഈ തുക ഉത്തരവാദികളായ വ്യക്തികളിൽ നിന്നോ സൊസൈറ്റികളിൽ നിന്നോ കരാറുകാരിൽ നിന്നോ തിരിച്ചുപിടിക്കാമെന്നും കോടതി വ്യക്തമാക്കി.

​ഈ ജോലിക്കിടെ മരിച്ച 81 പേരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ആകെ 8.10 കോടി രൂപ നൽകിയതായി സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, 2013-ലെ നിയമപ്രകാരം ഇത്തരത്തിൽ മരണപ്പെട്ട മുഴുവൻ ആളുകളെയും ആറു മാസത്തിനകം കണ്ടെത്തി, അർഹരായ ഓരോ കുടുംബത്തിനും 30 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും വേർതിരിവുകളില്ലാതെ എല്ലാവർക്കും പുനരധിവാസം ഉറപ്പാക്കാനും സംസ്ഥാന സർക്കാരിനോട് ബോംബെ ഹൈക്കോടതി നിർദേശിച്ചു.

You may also like