ഗസൽ സംഗീതത്തിന്റെ മൃദുല സ്വരലഹരികളിലൂടെ ശ്രോതാക്കളുടെ ഹൃദയം സ്പർശിക്കുന്ന ഗായികയാണ് സുസ്മിത ഗിരീഷ്. പാലക്കാട് ചേമ്പൈ സംഗീത കോളേജിൽ കർണാട്ടിക് സംഗീതത്തിൽ ഗാനഭൂഷണം നേടിയ അവർ പിന്നീട് ഹിന്ദുസ്ഥാനി സംഗീതത്തിലൂടെ ഗസലിന്റെ ലോകത്തേക്ക് കടന്നു. വാക്കുകളുടെ ഭാവവും കവിതയുടെ ആത്മാവും ചേർത്ത് അവതരിപ്പിക്കുന്ന ഗസൽ ആലാപനത്തിലൂടെ സംഗീതാസ്വാദകരുടെ മനസ്സിൽ സുസ്മിത സ്വന്തമായൊരു ഇടം നേടി.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി സ്വദേശിയായ സുസ്മിതയ്ക്ക് ബാല്യകാലം മുതൽ തന്നെ സംഗീതത്തോട് ആഴത്തിലുള്ള താൽപര്യമുണ്ടായിരുന്നു. ചെറുപ്പത്തിൽ അച്ഛനും അമ്മയും നൽകിയ പിന്തുണയാണ് സംഗീതയാത്രയ്ക്ക് കരുത്തായത്. ഭർത്താവ് ഗിരീഷിന്റെയും മക്കളായ ഗൗതവും നിലാവിന്റെയും പിന്തുണയോടെ ഇരുപത് വർഷത്തിലേറെയായി ഗസൽ രംഗത്ത് സജീവമായ സുസ്മിത ഇതിനോടകം രണ്ടായിരത്തിലധികം വേദികളിൽ ഗാനമാലാപനം നടത്തി. തന്റെ സംഗീതജീവിതത്തിന്റെ അനുഭവങ്ങളും ഗസലിന്റെ സൗന്ദര്യവും അവർ ഈ അഭിമുഖത്തിൽ പങ്കുവയ്ക്കുന്നു.
ഗസൽ സംഗീതത്തിലേക്ക് എത്തിയത് എങ്ങനെ?

ഗസൽ സംഗീതത്തിലേക്ക് എത്താൻ പ്രധാന കാരണമായത് എന്റെ ഭർത്താവാണ്. ആദ്യം ഗസൽ എന്താണെന്നു പോലും എനിക്ക് അറിയില്ലായിരുന്നു. ഞാൻ ചെമ്പൈ സംഗീത കോളേജിൽ കർണാട്ടിക് സംഗീതത്തിൽ ഗാനഭൂഷണം നേടിയതാണ്. അന്ന് തന്നെ എന്റെ ശബ്ദത്തിന് ഗസൽ ഏറെ അനുയോജ്യമാകുമെന്ന് ഭർത്താവ് പറഞ്ഞിരുന്നു. പിന്നീട് ഹിന്ദുസ്ഥാനി സംഗീതം പഠിക്കാൻ അദ്ദേഹം എന്നെ അനിൽ ദാസ് സാറിന്റെ അടുത്തേക്ക് കൊണ്ടുപോയി. അവിടെയാണ് ഗസൽ സംഗീതത്തിലേക്കുള്ള എന്റെ യാത്ര തുടങ്ങിയത്. ഇപ്പോൾ ഏകദേശം 22 വർഷമായി ഞാൻ ഈ രംഗത്ത് സജീവമാണ്.
സംഗീതയാത്രയുടെ തുടക്കം എങ്ങനെ ആയിരുന്നു?
എന്റെ വീട്ടിൽ തന്നെ സംഗീതത്തിന്റെ ഒരു അന്തരീക്ഷം ഉണ്ടായിരുന്നു. അച്ഛൻ പതിവായി പാടുമായിരുന്നു, അമ്മയും അത്യാവശ്യമായി പാടുമായിരുന്നു. അങ്ങനെ സംഗീതത്തോടുള്ള ഒരു ഇഷ്ടം ചെറുപ്പം മുതൽ തന്നെ മനസ്സിൽ വളർന്നു.
നാലാം ക്ലാസിൽ പഠിക്കുമ്പോൾ വസന്ത ടീച്ചർ എന്നോട് ഒരു പാട്ട് പാടാൻ പറഞ്ഞു. ഞാൻ പാടിയപ്പോൾ അത് ടീച്ചർക്ക് വളരെ ഇഷ്ടമായി. പിന്നീട് അച്ഛനെ സ്കൂളിലേക്ക് വിളിച്ച്, “ഈ കുട്ടിയെ സംഗീതം പഠിപ്പിക്കണം” എന്ന് അവർ നിർദേശിച്ചു. അതാണ് സംഗീതപഠനത്തിന് തുടക്കം. തുടർന്ന് നല്ല ഗുരുക്കന്മാരെ ലഭിച്ചു. കർണാട്ടിക് സംഗീതത്തിൽ പരിശീലനം നേടി. ഇപ്പോൾ ഹിന്ദുസ്ഥാനി സംഗീതവും പഠിച്ചുകൊണ്ടിരിക്കുന്നു.
ഗസൽ പാടുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്താണ്?

ഗസലിൽ ഏറ്റവും പ്രധാനപ്പെട്ടത് വാക്കുകളാണ്. സംഗീതത്തേക്കാൾ വരികൾക്ക് പ്രാധാന്യം നൽകുന്ന ഒരു സംഗീതരൂപമാണ് ഗസൽ. ഓരോ വാക്കിന്റെയും ഭാവം, അർത്ഥം എന്നിവ വളരെ സൂക്ഷ്മമായി അവതരിപ്പിക്കണം.
മലയാളത്തിൽ ഗസൽ വളരെ കുറവാണ്. കാരണം ഗസൽ എഴുതാൻ നിരവധി ചിട്ടകളും നിയമങ്ങളും പാലിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് പലരും ഈ മേഖലയിലേക്ക് കടന്ന് വരാൻ മടിക്കുന്നത്.
സ്വരം, ഭാവം, കവിതയുടെ അർത്ഥം — ഗസലിൽ ഏതാണ് കൂടുതൽ പ്രധാന്യം?
ഗസലിൽ വരികളാണ് മുഖ്യം. അതിന്റെ ആത്മാവാണ് കവിതയുടെ അർത്ഥം. ഗസലിന്റെ പ്രധാന വികാരം സാധാരണയായി പ്രണയമാണ്. പ്രണയം എല്ലാ കാലത്തും മനുഷ്യരുടെ മനസ്സിൽ ഇടം നേടുന്ന ഒരു വികാരമാണ്. അതുകൊണ്ടുതന്നെ ഗസലുകൾ എന്നും ഹൃദയത്തെ സ്പർശിക്കുന്നു. ഭക്തി വിഷയങ്ങൾ ഗസലിൽ വളരെ കുറവാണ്.
ഇന്നത്തെ യുവതലമുറ ഗസൽ സംഗീതത്തെ എങ്ങനെ സ്വീകരിക്കുന്നു?

എല്ലാ കാലത്തും ഗസൽ ഇഷ്ടപ്പെടുന്നവർ ഉണ്ടായിരുന്നു. ഇന്നത്തെ യുവതലമുറയിലും അതിന് വലിയ സ്വീകരണമുണ്ട്. പല യുവഗായകരും ഇപ്പോൾ ഗസലിലേക്ക് കടന്നു വരുന്നത് കാണാം.
ചിലപ്പോൾ ചെറിയ കുട്ടികൾ പോലും ഗസൽ പാടുന്നത് കാണുമ്പോൾ ഞാൻ അതിശയിക്കാറുണ്ട്. അവരുടെ കഴിവ് പലപ്പോഴും നമ്മളെ വിസ്മയിപ്പിക്കുന്നതാണ്.
ഗസലിന് ഇന്നും പ്രേക്ഷകരുടെ പിന്തുണ ലഭിക്കുന്നുണ്ടോ?
തീർച്ചയായും ലഭിക്കുന്നുണ്ട്. ഗസലിന് സ്വന്തം ഒരു പ്രേക്ഷകവൃന്ദമുണ്ട്. എവിടെ പരിപാടി നടത്തിയാലും അതിനെ ആസ്വദിക്കുന്ന ആളുകൾ ഉണ്ടാകും. അതാണ് ഈ സംഗീതരൂപത്തിന്റെ വലിയ ശക്തി.
സംഗീതജീവിതത്തിൽ മറക്കാനാവാത്ത ഒരു സ്റ്റേജ് അനുഭവം?
എല്ലാ സ്റ്റേജുകളും എനിക്ക് പ്രത്യേകമാണ്. ഓരോ വേദിയും ഒരു പുതിയ അനുഭവം തന്നെയാണ് നൽകുന്നത്. പ്രേക്ഷകർ ഗസൽ ആസ്വദിച്ച് കൈയ്യടി നൽകുമ്പോൾ ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല.
ഇതിനോടകം ഏകദേശം 2000-ത്തിലധികം വേദികളിൽ ഞാൻ ഗസൽ അവതരിപ്പിച്ചിട്ടുണ്ട്. ഗസൽ സംഗീതത്തിൽ താൽപര്യമുള്ള യുവഗായകർക്ക് എന്ത് ഉപദേശം നൽകും?

സംഗീതം പഠിക്കുന്നത് ഒരിക്കലും നിർത്തരുത്. ജീവിതത്തിന്റെ അവസാന നിമിഷം വരെ പഠിച്ചുകൊണ്ടിരിക്കണം. അതാണ് ഒരു കലാകാരനെ ഉയരങ്ങളിലേക്ക് എത്തിക്കുന്നത്. അതിനാൽ പരിശ്രമത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്.
ഗസലിന് പുറമെ ഏത് സംഗീതരൂപങ്ങളാണ് ഇഷ്ടം?
എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് കർണാട്ടിക് സംഗീതമാണ്. അതിന് ശേഷം ഹിന്ദുസ്ഥാനി സംഗീതവും ഏറെ ഇഷ്ടമാണ്.
നാടകഗാനങ്ങളുമായി ബന്ധം എങ്ങനെ ആരംഭിച്ചു?
നാടകത്തോട് എനിക്ക് വളരെ വലിയ ഇഷ്ടമാണ്. അതിനോടൊപ്പം നാടകഗാനങ്ങളും പാടാൻ അവസരം ലഭിച്ചു. ഇതുവരെ ഏകദേശം 45-ഓളം നാടകഗാനങ്ങൾ ഞാൻ പാടിയിട്ടുണ്ട്.
ഗസൽ ഇറാനിൽ നിന്ന് ഉത്ഭവിച്ച സംഗീതരൂപമാണ്. ഇപ്പോഴത്തെ ഇറാനിലെ കലുഷിത സാഹചര്യത്തെക്കുറിച്ച് എന്താണ് അഭിപ്രായം?

വളരെ സങ്കടകരമായ കാര്യമാണ് അത്. ശത്രുക്കളോട് പോലും സ്നേഹം തോന്നിപ്പിക്കുന്ന ശക്തിയാണ് സംഗീതം. ഗസൽ പേർഷ്യൻ സംസ്കാരത്തിൽ നിന്നാണ് ഉത്ഭവിച്ചത്. അറബ് ലോകത്തും അത് വ്യാപകമായി പാടപ്പെടുന്നു.
ഗസലിൽ സംഗീതത്തേക്കാൾ കവിതയ്ക്ക് വലിയ പ്രാധാന്യമുണ്ട്. സംഗീതം മനുഷ്യന്റെ മനസ്സിന് വലിയ സാന്ത്വനം നൽകുന്ന ശക്തിയാണ്. ഇത്തരത്തിലുള്ള സമയങ്ങളിൽ പ്രശസ്ത ഗായകരും ഗായികമാരും മുന്നോട്ട് വന്ന് സംഗീതത്തിലൂടെ മനുഷ്യരെ ആശ്വസിപ്പിക്കാൻ കഴിയുമെങ്കിൽ അത് വലിയ കാര്യമാകും.
ഇന്നത്തെ ഗസലിൽ മൂല്യനഷ്ടം സംഭവിക്കുന്നുണ്ടെന്ന് തോന്നുന്നുണ്ടോ?
ഗസൽ എഴുതുന്നതിനും പാടുന്നതിനും നിരവധി നിബന്ധനകളുണ്ട്. പഴയകാലത്തെ പോലെ ഇന്ന് എഴുത്തുകാർക്ക് ആ ചിട്ടകൾ പാലിച്ച് എഴുതാൻ ബുദ്ധിമുട്ട് ഉണ്ടാകാം. അതുകൊണ്ട് തന്നെ ഗസലിന്റെ ചില ചിട്ടവട്ടങ്ങൾ കുറയുന്നുണ്ടോ എന്നൊരു തോന്നൽ ഉണ്ടാകാറുണ്ട്.
മുംബൈയെ കുറിച്ച് എന്താണ് അഭിപ്രായം?

മുംബൈയെ ഉറങ്ങാത്ത നഗരം എന്ന് പറയുന്നു. എന്നാൽ എനിക്ക് തോന്നുന്നത് ഇത് സംഗീതത്തെ എപ്പോഴും സ്വാഗതം ചെയ്യുന്ന നഗരമാണ് എന്നതാണ്. ഏത് സമയത്തും ഇവിടെ സംഗീതം ആസ്വദിക്കാൻ ആളുകൾ ഉണ്ടാകും.
മുംബൈക്കാരോടുള്ള എന്റെ സ്നേഹം വളരെ വലിയതാണ്. എല്ലാവർക്കും വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉണ്ടെങ്കിലും സംഗീതം എല്ലാവരെയും ഒരുമിപ്പിക്കുന്ന ഒരു ശക്തിയാണ്.
