ശബരിമല യുവതി പ്രവേശന കേസ്: ‘കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതി എങ്ങനെ പറയും?’ – സുപ്രീംകോടതി നിർണായക നിരീക്ഷണം

by WhatsUp Mumbai

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വാദങ്ങൾ തുടരുന്നതിനിടെ സുപ്രീംകോടതിയിൽ നിർണ്ണായക നിരീക്ഷണങ്ങൾ. ലക്ഷക്കണക്കിന് ഭക്തർ വിശ്വസിക്കുന്ന ഒരു ആചാരം തെറ്റാണെന്ന് കോടതികൾക്ക് എങ്ങനെ വിധിക്കാനാകുമെന്ന ചോദ്യം ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വാദത്തിനിടെ ഉയർത്തി. അതേസമയം, അവിശ്വാസികളുടെ ഹർജിയിലാണ് ശബരിമല യുവതി പ്രവേശന വിധി വന്നതെന്ന നിലപാട് ജസ്റ്റിസ് നാഗരത്ന വീണ്ടും ആവർത്തിച്ചു. സാമൂഹിക പരിഷ്‌കരണം എന്ന പേരിൽ മതത്തിന്റെ അന്തസത്ത ഇല്ലാതാക്കാനാകില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

ഒമ്പതംഗ ഭരണഘടന ബെഞ്ചിന് മുന്നിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനായി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വി വാദം അവതരിപ്പിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം. അവിശ്വാസികൾക്ക് മതാചാരങ്ങളെ ചോദ്യം ചെയ്യാനാകുമോ എന്ന വിഷയത്തിൽ സിംഗ്‌വി വാദങ്ങൾ ഉന്നയിക്കുമ്പോഴാണ് ശബരിമല കേസിൽ പൊതുതാൽപര്യ ഹർജി നൽകിയവർ ക്ഷേത്രവുമായി ബന്ധമുള്ളവരല്ലെന്ന് ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കിയത്.

ഹർജിക്കാരുടെ ഇടപെടൽ അനാവശ്യമാണെന്ന വിലയിരുത്തലും ജസ്റ്റിസ് നാഗരത്ന രേഖപ്പെടുത്തി. ഇതോടൊപ്പം, ലക്ഷക്കണക്കിന് ഭക്തർ പിന്തുടരുന്ന ഒരു ആചാരം തെറ്റാണെന്ന് കോടതികൾക്ക് എങ്ങനെ പ്രഖ്യാപിക്കാനാകുമെന്ന ചോദ്യവും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉന്നയിച്ചു. ഈ നിരീക്ഷണങ്ങൾ ശബരിമല യുവതി പ്രവേശനം അനുവദിച്ച അഞ്ചംഗ ബെഞ്ചിന്റെ മുൻവിധിയെക്കുറിച്ചുള്ള സംശയങ്ങൾക്കും ഇടയാക്കുന്നതായി വിലയിരുത്തപ്പെടുന്നു.

അയ്യപ്പക്ഷേത്രങ്ങളിൽ യുവതിപ്രവേശനത്തിന് വിലക്കുള്ള ഏക ക്ഷേത്രം ശബരിമലയാണെന്ന് ദേവസ്വം ബോർഡിന് വേണ്ടി സിംഗ്‌വി വാദിച്ചു. നൈഷ്ഠിക ബ്രഹ്മചാരി സങ്കൽപത്തിലാണ് ശബരിമലയിലെ പ്രതിഷ്ഠയുള്ളതെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് 10 മുതൽ 50 വയസ് വരെയുള്ള സ്ത്രീകൾക്ക് പ്രവേശന നിയന്ത്രണമുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. ഇത് ലിംഗവിവേചനമല്ലെന്നും, ആചാരപരമായ പ്രത്യേകതയാണെന്നും ബോർഡ് കോടതിയെ അറിയിച്ചു.

വർഷങ്ങളായി ശബരിമലയിലും ഗുരുവായൂരിലും നിലനിൽക്കുന്ന ആചാരങ്ങളെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും ദേവസ്വം ബോർഡ് നിലപാട് വ്യക്തമാക്കി. ക്ഷേത്രങ്ങളിൽ പ്രവേശനം സംബന്ധിച്ച തീരുമാനങ്ങൾ അതത് വിശ്വാസ സമൂഹത്തിന്റേതായിരിക്കണമെന്ന എൻഎസ്എസിന്റെ വാദത്തോട് ബോർഡ് എതിർപ്പ് രേഖപ്പെടുത്തി.

അതേസമയം, ആചാരങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെങ്കിലും ജാതിയുടെയോ വർഗ്ഗത്തിന്റെയോ അടിസ്ഥാനത്തിലുള്ള വിലക്കുകൾ അംഗീകരിക്കാനാകില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് കോടതിയിൽ വ്യക്തമാക്കി. ഇതോടെ ഭരണഘടന ബെഞ്ചിന് മുന്നിലുള്ള ദേവസ്വം ബോർഡിന്റെ വാദം പൂർത്തിയായി. സംസ്ഥാന സർക്കാരിന്റെ വാദം വെള്ളിയാഴ്ച തുടരും.

You may also like