മുംബൈ : മുംബൈ–അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ ലോക്കോ പൈലറ്റുകൾ ജപ്പാനിൽ പ്രത്യേക പരിശീലനം നേടുന്നു. ജപ്പാനീസ് റെയിൽ വിദഗ്ധരുടെ മേൽനോട്ടത്തിലാണ് പരിശീലനം നടക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും സുരക്ഷിതവും കൃത്യതയാർന്നതുമായ ഷിൻകാൻസെൻ ബുള്ളറ്റ് ട്രെയിൻ സംവിധാനത്തിന്റെ പ്രവർത്തന രീതി ഇന്ത്യൻ ഉദ്യോഗസ്ഥർ നേരിട്ട് പഠിക്കുന്നു. അതിവേഗത്തിൽ ട്രെയിൻ നിയന്ത്രിക്കൽ, സിഗ്നൽ സംവിധാനങ്ങൾ മനസിലാക്കൽ, അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ എന്നിവയിൽ സമഗ്രമായ പരിശീലനമാണ് നൽകുന്നത്.
യാത്രക്കാരുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്ന നിലപാടിലാണ് ജപ്പാനിൽ പ്രചാരത്തിലുള്ള ‘പോയിന്റ് ആൻഡ് കോൾ’ എന്ന സുരക്ഷാ രീതിയും പരിശീലനത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ സുരക്ഷിതവും കാര്യക്ഷമവുമായ രീതിയിൽ നടപ്പാക്കാൻ ഈ പരിശീലനം നിർണായക ചുവടുവെയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്.