ബക്രീദിന് തൊട്ടുമുമ്പ് മീരാ റോഡിൽ സംഘർഷാവസ്ഥ ; സ്ഥിതിഗതികൾ ശാന്തമാക്കാൻ വൻ പോലീസ് സന്നാഹം

by WhatsUp Mumbai

മുംബൈ: ബക്രീദ് ആഘോഷങ്ങൾക്ക് തൊട്ടുമുമ്പ് മുംബൈയ്ക്ക് സമീപമുള്ള താനെ മീരാ റോഡിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ കടുത്ത തർക്കവും സംഘർഷാവസ്ഥയും. പാർപ്പിട സമുച്ചയങ്ങളിൽ ബക്രീദിനോട് അനുബന്ധിച്ച് ആടുകളെ അറുക്കുന്നത് തടയാൻ ഒരു വിഭാഗം ആളുകൾ പന്നികളുമായി പ്രതിഷേധത്തിന് ഇറങ്ങിയതാണ് പ്രദേശത്ത് അസ്വാരസ്യങ്ങൾക്ക് കാരണമായത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് സുരക്ഷ ശക്തമാക്കി.

മീരാ റോഡിലെ ജെ.പി ഇൻഫ്രാ സൊസൈറ്റിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഫ്ലാറ്റ് സമുച്ചയത്തിനുള്ളിൽ മൃഗബലി നടത്തരുതെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം റസിഡൻസുകൾ രംഗത്തിറങ്ങുകയായിരുന്നു. ഇതിനായി ഇവർ പന്നികളെ സൊസൈറ്റി പരിസരത്തേക്ക് കൊണ്ടുവരികയും മുദ്രാവാക്യം വിളികളോടെ പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെ രണ്ട് വിഭാഗങ്ങൾ തമ്മിൽ രൂക്ഷമായ വാഗ്വാദവും തർക്കവുമുണ്ടാകുകയും സ്ഥലത്ത് കടുത്ത സംഘർഷാവസ്ഥ ഉടലെടുക്കുകയുമായിരുന്നു.

നേരത്തെ സമാനമായ രീതിയിൽ സംഘർഷം നിലനിന്നിരുന്ന മീരാ റോഡിൽ, പുതിയ സംഭവം ജനങ്ങൾക്കിടയിൽ കടുത്ത ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കാശിമീര പോലീസ് ഇരുവിഭാഗങ്ങളുമായി ചർച്ച നടത്തി സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിക്കുകയാണ്. ക്രമസമാധാന നില തകരാതിരിക്കാൻ സൊസൈറ്റി പരിസരത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ ഈ പ്രതിഷേധത്തിന്റെ വീഡിയോകൾ അതിവേഗം വൈറലായതോടെ സൈബർ ഇടങ്ങളിലും വാക്പോര് മുറുകുകയാണ്. ക്രമസമാധാനം നിലനിർത്താൻ ജനങ്ങൾ സഹകരിക്കണമെന്നും വ്യാജ വാർത്തകളും പ്രകോപനപരമായ വീഡിയോകളും പ്രചരിപ്പിക്കരുതെന്നും മുംബൈ പോലീസ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ആഘോഷങ്ങൾ നടക്കാനിരിക്കെ മേഖലയിൽ കനത്ത ജാഗ്രതയാണ് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്.

You may also like