ടിക്കറ്റില്ലാത്ത യാത്രക്കാരന് പിഴയീടാക്കാൻ എസി ലോക്കൽ ട്രെയിൻ വാതിൽ തടഞ്ഞ് ടിസി; വിഡിയോ വൈറൽ, അധികാര ദുർവിനിയോഗമെന്ന് യാത്രക്കാർ

by WhatsUp Mumbai

മുംബൈ: ഘാട്കോപ്പർ സ്റ്റേഷനിൽ എസി ലോക്കൽ ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തയാളിൽ നിന്ന് പിഴയീടാക്കാൻ ട്രെയിനിന്റെ വാതിൽ അടയാൻ സമ്മതിക്കാതെ തടഞ്ഞുനിർത്തിയ ടിക്കറ്റ് ചെക്കറുടെ (ടിസി) നടപടി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. വാതിലിൽ നിന്ന് ടിസി ചലാൻ നൽകുന്നത് കാരണം ട്രെയിൻ പുറപ്പെടാൻ വൈകിയെന്ന് ചൂണ്ടിക്കാട്ടി വരുൺ സിങ് (Varun Singh) എന്ന വ്യക്തിയാണ് ഏഴ് സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ എക്സിൽ പങ്കുവെച്ചത്.

സംഭവം വിവാദമായതോടെ മുംബൈ ഡിവിഷൻ സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തി. യാത്രക്കാരന് രസീത് നൽകുന്നതിനിടെ ഏതാനും സെക്കൻഡുകൾ മാത്രമാണ് വാതിൽ തടസ്സപ്പെട്ടതെന്നും, എസി ലോക്കലുകളിലെ അനധികൃത യാത്ര തടയാനാണ് പരിശോധന നടത്തിയതെന്നും റെയിൽവേ വ്യക്തമാക്കി.

അതേസമയം ടിസിയുടെ നടപടിക്കെതിരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. വാതിൽ തടയുന്നത് വഴി ആയിരക്കണക്കിന് യാത്രക്കാരുടെ സമയം വൈകിക്കുകയാണെന്നും ഇത് അധികാര ദുർവിനിയോഗമാണെന്നുമാണ് നിരവധി പേർ പ്രതികരിച്ചത്.

You may also like