താനെ : ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വീണ്ടും മാതൃകയായി കേരള കത്തോലിക്ക അസോസിയേഷൻ (KCA) ഡോംബിവിലി യൂണിറ്റ്. സംഘടനയുടെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഡോംബിവിലിയിലെ ജില്ലാ പരിഷദ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തു. കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാനും അവർക്ക് പഠനത്തിനാവശ്യമായ പിന്തുണ നൽകാനുമായി കഴിഞ്ഞ വർഷം രൂപം നൽകിയ പദ്ധതിയുടെ തുടർച്ചയായാണ് ഈ സംരംഭം.
യൂണിറ്റ് പ്രസിഡന്റ് ആന്റണി ഫിലിപ്പ് ഈ വർഷത്തെ സ്കൂൾ ബാഗ് വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. കഴിഞ്ഞ വർഷം ഇതേ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് കുടകൾ വിതരണം ചെയ്തപ്പോൾ കുട്ടികളുടെ മുഖത്തുണ്ടായ സന്തോഷവും പുഞ്ചിരിയുമാണ് ഇത്തവണ ബാഗുകൾ വിതരണം ചെയ്യാൻ തങ്ങൾക്ക് പ്രചോദനമായതെന്ന് അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ ജില്ലാ പരിഷദ് സ്കൂളുകളിലേക്ക് ബാഗ് വിതരണം വിപുലീകരിക്കുമെന്നും കെ.സി.എ മാനേജിങ് കമ്മിറ്റി വ്യക്തമാക്കി.

ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ. സി. ഫിലിപ്പ്, ട്രഷററും മുൻ പ്രസിഡന്റുമായ സി. ടി. മത്തായി, മുൻ സെക്രട്ടറിയും കെ.സി.എ മുംബൈ സെൻട്രൽ കൗൺസിൽ അംഗവുമായ കെ. С. ജോസഫ്, കെ.സി.എ മുംബൈ സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും സാംസ്കാരിക സമിതി ചെയർമാനുമായ നെല്ലൻ ജോയി, സെൻട്രൽ കൗൺസിൽ അംഗം ജോൺസൺ എബ്രഹാം, കെ. സി. എ ഡോമ്പിവിലി യൂണിറ്റ് മാനേജിങ് കമ്മിറ്റി അംഗം പി. ഡി. ഫ്രാൻസിസ്, കെ.സി.എ അംഗം ടോം ജോസഫ് എന്നിവർ പങ്കെടുത്തു.

ഈ കാരുണ്യ പ്രവർത്തനത്തിനായി ഉദാരമായി കൈത്താങ്ങ് നൽകിയ എല്ലാ അംഗങ്ങൾക്കും കെ.സി.എ മാനേജിങ് കമ്മിറ്റി ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും അംഗങ്ങൾ നൽകിയ അകമഴിഞ്ഞ പിന്തുണയാണ് ഈ സംരംഭത്തിന്റെ വിജയത്തിന് പിന്നിലെ കരുത്തെന്നും കമ്മിറ്റി അറിയിച്ചു.

”ഓരോ കുട്ടിക്കും ആത്മവിശ്വാസത്തോടെയും അന്തസ്സോടെയും പഠിക്കാനുള്ള അവസരം ലഭിക്കണം” എന്ന ഉദാത്തമായ സന്ദേശവുമായാണ് കെ.സി.എ ഡോംബിവിലി ഈ മാതൃകാപരമായ പ്രവർത്തനം തുടരുന്നത്. ഡോമ്പിവിലിയിലും പരിസര പ്രദേശങ്ങളിലും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളുമായി സജീവ സാന്നിധ്യമാണ് കേരള കാത്തലിക് അസോസിയേഷൻ ഡോമ്പിവിലി യൂണിറ്റ്.

