മുംബൈ: മഹാരാഷ്ട്രയിലെ ഭിവണ്ടി മുനിസിപ്പൽ കോർപ്പറേഷനിലെ മേയർ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ബിജെപിക്ക് വലിയ തിരിച്ചടി. ഒമ്പത് ബിജെപി അംഗങ്ങൾ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. മേയർ സ്ഥാനാർത്ഥിയെ അവസാന നിമിഷം മാറ്റിയതിനെതിരായ പ്രതിഷേധമാണ് ഈ നീക്കത്തിന് പിന്നിൽ.
ആദ്യമായി മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്ന നാരായൺ ചൗധരിയെ ബിജെപി പിന്‍വലിച്ചതോടെ വിമതസ്വരം ഉയർന്നു. വാഗ്ദാനം പാലിക്കാത്തതിനാൽ കോൺഗ്രസിനൊപ്പം നിൽക്കേണ്ടിവന്നുവെന്നാണ് ചൗധരിയുടെ പ്രതികരണം. കോൺഗ്രസ്, എൻസിപി (ശരത് പവാർ) വിഭാഗം, ബിജെപിയിലെ വിമതർ എന്നിവരുടെ പിന്തുണയോടെ ചൗധരിയെ തന്നെ മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.
90 അംഗ കോർപ്പറേഷനിൽ 30 സീറ്റുകളുമായി കോൺഗ്രസ് ഏറ്റവും വലിയ കക്ഷിയാണ്. ബിജെപിക്ക് 22 സീറ്റുകളുണ്ട്. കോൺഗ്രസ് നേതാവ് താരിഖ് മൊമിൻ ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയാണ്.
മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് ഹർഷ്‌വർദ്ധൻ സപ്കൽ ഇത് ‘ഘർ വാപസി’യെന്നു വിശേഷിപ്പിച്ചു. കോൺഗ്രസ്–എൻസിപി സഖ്യം ഭിവണ്ടിയിൽ അധികാരം ഉറപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് നേതൃത്വം. മേയർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും.