സുപ്രീം കോടതി വിധിയോടെ ഷിൻഡെ വിഭാഗം അയോഗ്യരാക്കപ്പെടും: സഞ്ജയ് റാവത്ത്

by WhatsUp Mumbai

മഹാരാഷ്ട്ര ശിവസേന തർക്കത്തിൽ സുപ്രീം കോടതി വിചാരണയ്ക്ക് പിന്നാലെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അടക്കമുള്ള 16 വിമത എംഎൽഎമാർ അയോഗ്യരാക്കപ്പെടുമെന്ന് ശിവസേന (ഉദ്ധവ് താക്കറെ) നേതാവ് സഞ്ജയ് റാവത്ത്. ഷിൻഡെ വിഭാഗത്തിന് പാർട്ടിയും ചിഹ്നവും നൽകിയ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.

ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം കൂറുമാറിയ എംഎൽഎമാർക്ക് അയോഗ്യത ഉറപ്പാണെന്ന് സഞ്ജയ് റാവത്ത് ചൂണ്ടിക്കാട്ടി. സുനിൽ പ്രഭു നൽകിയ വിപ്പ് ലംഘിച്ചതിനാൽ ഷിൻഡെയുൾപ്പെടെ 16 പേരും പുറത്താകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന് മുൻപാകെ ഉദ്ധവ് വിഭാഗത്തിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ശക്തമായ വാദങ്ങൾ നിരത്തിയത്. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് യഥാർത്ഥ ശിവസേനയെ ഷിൻഡെ വിഭാഗത്തിന് നൽകിയതെന്ന് കപിൽ സിബൽ കോടതിയിൽ വാദിച്ചു.

You may also like