റായ്ഗഡ് : റായ്ഗഡ് ജില്ലയിലെ ഖോപോളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഹെൽപ്പ് ഫൗണ്ടേഷൻ’ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി റോഡ് അപകടങ്ങളിൽപ്പെട്ടവർക്കു സഹായഹസ്തമായി പ്രവർത്തിക്കുന്നു. ഇതുവരെ 5,000ത്തിലധികം അപകടബാധിതർക്കു അടിയന്തര സഹായം നൽകിയതായും 2,000ത്തിലധികം ആളുകളുടെ ജീവൻ രക്ഷിച്ചതായും സംഘടന അറിയിച്ചു.
1991-ൽ മുംബൈ–പുണെ പഴയ ദേശീയപാതയിൽ ഉണ്ടായ ഒരു അപകടത്തെ തുടർന്നാണ് ഈ സേവന പ്രവർത്തനങ്ങൾക്ക് തുടക്കം. ഖോപോളി സ്വദേശിയായ ഗുരുനാഥ് രാംചന്ദ്ര സാഥെൽക്കർ ആരംഭിച്ച ശ്രമം പിന്നീട് സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മയായി വളർന്നു.
2015-ൽ ‘ഹെൽപ്പ് ഫൗണ്ടേഷൻ’ രൂപീകരിക്കുകയും 2017-ൽ ചാരിറ്റി ട്രസ്റ്റായി രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇന്ന് മുംബൈ–പുണെ എക്സ്പ്രസ്വേ ഉൾപ്പെടെ പ്രധാന ഹൈവേകളിൽ അപകടമുണ്ടാകുമ്പോൾ സംഘം ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നു.
അപകടങ്ങൾക്കൊപ്പം ഗ്യാസ് ചോർച്ച, വെള്ളപ്പൊക്കം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിലും സംഘടന സൗജന്യ സേവനം നൽകുന്നുണ്ട്.