പോലീസ്‌ വാനിന്‌ മുന്നിൽ ധൈര്യപൂർവ്വം നിലയുറപ്പിച്ച്‌ റിയാ അഹിർ; മുംബൈയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ വൈറലായി മോഡൽ

by WhatsUp Mumbai

മുംബൈ: മുംബൈയിൽ വിദ്യാർത്ഥി പ്രക്ഷോഭകർക്ക്‌ പിന്തുണയുമായി പോലീസ്‌ വാഹനത്തിനു മുന്നിൽ തടസ്സമായി നിന്ന്‌ അവരുടെ മോചനം ആവശ്യപ്പെട്ട മോഡലും നടിയുമായ റിയാ അഹിർ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളുമായി പോയ പോലീസ്‌ വാൻ തടഞ്ഞുനിർത്തി, അവരെ ഉടൻ തന്നെ വിട്ടയക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ റിയ കാണിച്ച ധീരതയാണ്‌ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്‌.

ശിവാജി പാർക്കിലേക്ക്‌ നടന്നുപോകുന്നതിനിടയിലാണ്‌ റിയ അഹിർ വിദ്യാർത്ഥികളെ നിറഞ്ഞ പോലീസ്‌ വാഹനം ശ്രദ്ധിക്കുന്നത്‌. “വാഹനത്തിന്റെ മുന്നിൽ നിന്നും പിന്നിൽ നിന്നും ആളെക്കൊണ്ട്‌ നിറച്ചിരിക്കുകയായിരുന്നു, നിൽക്കാൻ പോലും സ്ഥലമുണ്ടായിരുന്നില്ല,” എന്ന്‌ റിയ വ്യക്തമാക്കി. മതിയായ കാരണങ്ങളില്ലാതെയാണ്‌ പോലീസ്‌ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തതെന്ന്‌ മനസ്സിലാക്കിയതോടെ റിയ വാഹനം തടയാൻ തീരുമാനിക്കുകയായിരുന്നു. “എനിക്ക്‌ എന്നെത്തന്നെ തടയാൻ കഴിഞ്ഞില്ല. അവരുടെ മുദ്രാവാക്യങ്ങൾ എന്നെ അങ്ങോട്ട്‌ ആകർഷിക്കുകയായിരുന്നു,” എന്നും റിയ ഓർത്തെടുത്തു.

തുടർന്ന്‌ സംഭവസ്ഥലത്തുവെച്ച്‌ പോലീസ്‌ ഉദ്യോഗസ്ഥരുമായി ശക്തമായ വാക്കേറ്റമാണ്‌ ഉണ്ടായത്‌. കുറച്ചു ദൂരം മുന്നോട്ട്‌ പോയ ശേഷം വിദ്യാർത്ഥികളെ വിട്ടയക്കാമെന്നാണ്‌ പോലീസ്‌ ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം. എന്നാൽ ഇത്‌ അംഗീകരിക്കാൻ റിയ തയ്യാറായില്ല. “എന്തായാലും വിട്ടയക്കാൻ പോവുകയാണെങ്കിൽ, അവരെ ഇപ്പോൾത്തന്നെ മോചിപ്പിക്കണം,” എന്ന്‌ റിയ പോലീസിനോട്‌ ഉറപ്പിച്ചു പറഞ്ഞു. വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തതിന്‌ കൃത്യമായ വിശദീകരണം നൽകാൻ പോലീസിന്‌ കഴിഞ്ഞില്ലെന്നും, തങ്ങൾ ചെയ്യുന്നത്‌ തെറ്റാണെന്ന്‌ അവർക്ക്‌ ബോധ്യമുണ്ടായിരുന്നുവെന്നും റിയ കൂട്ടിച്ചേർത്തു.

പോലീസിനെ നേരിട്ട ആ നിമിഷത്തിൽ ഭയം തോന്നിയിരുന്നുവെന്ന്‌ റിയ തുറന്നുപറഞ്ഞു. “അവരെ നേരിടുമ്പോൾ എന്റെ മനസ്സ്‌ വിറയ്ക്കുന്നുണ്ടായിരുന്നു. എന്നാൽ ഞാൻ ചെയ്യുന്നത്‌ ശരിയാണെന്ന്‌ എനിക്ക്‌ ഉറപ്പുമുണ്ടായിരുന്നു.” കസ്റ്റഡിയിലുള്ള വിദ്യാർത്ഥികളെ മോചിപ്പിക്കുന്നതുവരെ റിയ പോലീസ്‌ വാഹനത്തിന്‌ മുന്നിൽ തന്നെ നിലയുറപ്പിച്ചു. ഒടുവിൽ പുറത്തിറങ്ങിയ വിദ്യാർത്ഥികൾ റിയയ്ക്ക്‌ നന്ദി അറിയിക്കുകയും കൈകൊടുക്കുകയും ചെയ്തു..

അവരെ കൊണ്ടുപോയാൽ കേസ്‌ രജിസ്റ്റർ ചെയ്യുമെന്നും എഫ്.ഐ.ആർ ഇടുമെന്നും എനിക്കറിയാമായിരുന്നു. അതുകൊണ്ടാണ്‌ ഞാൻ ഇടപെട്ടത്‌. ഈ സമയത്ത്‌ ഒന്നും ചെയ്യാതിരുന്നാൽ ഒരു പൗരയെന്ന നിലയിൽ ഞാൻ പരാജയപ്പെടും,” എന്ന്‌ റിയ തന്റെ തീരുമാനത്തെക്കുറിച്ച്‌ വിശദീകരിച്ചു. മാധ്യമ പ്രവർത്തകരോട് റിയ ഈ കാര്യങ്ങൾ പങ്കുവെച്ചു.

ഇൻസ്റ്റാഗ്രാമിൽ ‘റിയാ എകൂസിയ’ (Rhiya Ekousiya) എന്ന പേരു ഉപയോഗിക്കുന്ന 27-കാരിയായ റിയാ അഹിർ അഭിനേത്രി, മോഡൽ, സംരംഭക, അവതാരക എന്നീ നിലകളിൽ ശ്രദ്ധേയയാണ്‌. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ തുറന്ന നിലപാടുകൾ വ്യക്തമാക്കുന്നതിലൂടെയും ഡിജിറ്റൽ രംഗത്ത്‌ തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ്‌ റിയ. മോഡലിംഗിനും അഭിനയത്തിനും പുറമെ കൈകൊണ്ട് നിർമ്മിച്ച ലക്ഷ്വറി വസ്ത്രങ്ങളുടെ ‘റിയാസത്’ (Rhiyasat) എന്ന സ്വന്തം ബ്രാൻഡും റിയ നടത്തുന്നുണ്ട്‌. നൃത്തത്തിൽ താല്പര്യമുള്ള റിയ നിരവധി മ്യൂസിക്‌ വീഡിയോകളുടെ ഭാഗമായിട്ടുണ്ട്‌. 2025 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ‘ദിൽബര’ (Dilbara) ആണ്‌ റിയയുടേതായി ഏറ്റവും ഒടുവിൽ പുറത്തുവന്ന മ്യൂസിക്‌ വീഡിയോ.മുംബൈ വിദ്യാർത്ഥി പ്രക്ഷോഭത്തിലെ റിയയുടെ ഈ ധീരമായ ഇടപെടലിനെ പ്രശംസിച്ച്‌ നിരവധി പേരാണ്‌ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തുന്നത്‌.

You may also like