മുംബൈ: മുംബൈയിലെ സൊസൈറ്റികളിൽ ബക്രീദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ ശക്തമായ നിലപാടുമായി ശിവസേന (ഉദ്ധവ് വിഭാഗം) നേതാവും എംപിയുമായ സഞ്ജയ് റാവത്ത്. മഹാരാഷ്ട്ര എന്നത് സസ്യാഹാരികളുടെ മാത്രം മണ്ണല്ലെന്നും, ഇവിടുത്തെ ജനസംഖ്യയിൽ വലിയൊരു വിഭാഗം ആളുകളും മാംസാഹാരം കഴിക്കുന്നവരാണെന്നും സഞ്ജയ് റാവത്ത് ഓർമ്മിപ്പിച്ചു. ബക്രീദ് മൃഗബലിയുമായി ബന്ധപ്പെട്ട് മുംബൈയിലെ ചില പാർപ്പിട സമുച്ചയങ്ങളിൽ തർക്കങ്ങൾ ഉടലെടുത്ത പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മഹാരാഷ്ട്രയ്ക്ക് കൃത്യമായ ഒരു സംസ്‌കാരവും പാരമ്പര്യവുമുണ്ട്. ഇവിടെ മാംസാഹാരം കഴിക്കുന്ന ഭൂരിപക്ഷ സമൂഹമുണ്ട്. എന്നാൽ ഒരു പ്രത്യേക വിഭാഗം ആളുകൾ മുംബൈയിലെ ചില സൊസൈറ്റികളിൽ താമസം ഉറപ്പാക്കിയതോടെ തങ്ങളുടെ ഭക്ഷണരീതികളും ശീലങ്ങളും മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് റാവത്ത് കുറ്റപ്പെടുത്തി. ഇത്തരം പ്രവണതകൾ വച്ചുപൊറുപ്പിക്കാനാകില്ലെന്നും, എല്ലാ ജനവിഭാഗങ്ങളുടെയും ആചാരങ്ങളെയും സംസ്‌കാരത്തെയും പരസ്പരം ബഹുമാനിക്കാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുംബൈയിലെയും പരിസരപ്രദേശങ്ങളിലെയും ഹൗസിംഗ് സൊസൈറ്റികളിൽ ബക്രീദ് കാലത്ത് മൃഗങ്ങളെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് അടുത്തകാലത്തായി വലിയ തോതിൽ തർക്കങ്ങൾ ഉടലെടുക്കാറുണ്ട്. ഇത്തരം പ്രാദേശിക തർക്കങ്ങളെ രാഷ്ട്രീയവൽക്കരിക്കാൻ ചില കോണുകളിൽ നിന്ന് ശ്രമം നടക്കുന്നുണ്ടെന്നും റാവത്ത് ചൂണ്ടിക്കാട്ടി. നിയമങ്ങൾ പാലിച്ചുകൊണ്ട് തന്നെ എല്ലാ മതവിഭാഗങ്ങൾക്കും അവരുടെ ആചാരങ്ങൾ അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണമെന്നാണ് തന്റെ നിലപാടെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി.