എൽപിജി വിലയിൽ റെക്കോർഡ് വർധനവ്; മുംബൈയിലെ ഹോട്ടൽ മേഖല പ്രതിസന്ധിയിൽ, ഭക്ഷണവില ഉയരാൻ സാധ്യത

by WhatsUp Mumbai

മുംബൈ: വ്യാപാര എൽപിജി സിലിണ്ടറുകളുടെ വിലയിൽ റെക്കോർഡ് വർധനവിനെ തുടർന്ന് നഗരത്തിലെ ഹോട്ടൽ–റസ്റ്റോറന്റ് മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. 19 കിലോ വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില  993 രൂപയാണ് ഉയർന്നത്.3,000 രൂപ കടന്നത്, ഹോസ്പിറ്റാലിറ്റി മേഖലയെ ഗുരുതരമായി ബാധിച്ചതായി വ്യവസായ സംഘടനകൾ വ്യക്തമാക്കി. 

വില വർധനവിനെ തുടർന്ന് പ്രവർത്തനച്ചെലവ് കുത്തനെ ഉയർന്നതോടെ പല സ്ഥാപനങ്ങളും സാമ്പത്തിക സമ്മർദ്ദത്തിൽ കഴിയുകയാണ്. ഇതിനകം തന്നെ അടച്ചുപൂട്ടലുകളും തൊഴിൽ നഷ്ടങ്ങളും നേരിടുന്ന മേഖലയ്ക്ക് ഈ വർധനവ് വലിയ തിരിച്ചടിയാണെന്ന് സംഘടനകൾ മുന്നറിയിപ്പ് നൽകി. 

വിലക്കയറ്റം തുടർന്നാൽ ഭക്ഷണവിലയിൽ 10 മുതൽ 15 ശതമാനം വരെ വർധന അനിവാര്യമാകുമെന്നാണ് രംഗത്തെ പ്രമുഖർ വ്യക്തമാക്കുന്നത്. എന്നാൽ അതുകൊണ്ടും ചെലവുഭാരം പൂർണ്ണമായി നിയന്ത്രിക്കാൻ കഴിയില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. 

മാർച്ചിലും ഏപ്രിലിലും ഉണ്ടായ വിലവർധനയ്ക്കു പിന്നാലെയാണ് പുതിയ ₹993 വർധനവ് ഉണ്ടായത്. മൂന്ന് ഘട്ടങ്ങളിലായി ഗ്യാസ് വിലയിൽ വലിയ ഉയർച്ച ഉണ്ടായതോടെ വ്യാപാരികളുടെ ചെലവുഭാരം ഗണ്യമായി വർധിച്ചിരിക്കുകയാണ്. 

ചില ഹോട്ടലുകൾ പ്രവർത്തനസമയം കുറയ്ക്കുകയും മെനു ചുരുക്കുകയും ചെയ്യുന്ന സാഹചര്യവും നിലനിൽക്കുന്നു. ഇന്ധനച്ചെലവും വിതരണ പ്രശ്നങ്ങളും ചേർന്നപ്പോൾ നിരവധി സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടേണ്ട സാഹചര്യം രൂപപ്പെട്ടതായും സംഘടനകൾ അറിയിച്ചു.

സർക്കാർ അടിയന്തരമായി ഇടപെട്ട് വിലവർധന പിൻവലിക്കണമെന്നും ഗ്യാസ് വില സ്ഥിരപ്പെടുത്തണമെന്നും വ്യവസായ സംഘടനകൾ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ഈ മേഖലയിൽ കൂടുതൽ അടച്ചുപൂട്ടലുകളും തൊഴിലില്ലായ്മയും ഉയരുമെന്ന മുന്നറിയിപ്പും അവർ നൽകി.

You may also like