മുംബൈ: ഓടിക്കൊണ്ടിരുന്ന എറണാകുളം-ഹസ്രത് നിസാമുദ്ദീൻ ദുരന്തോ എക്സ്പ്രസിൽ യുവതിക്ക് അത്ഭുത പ്രസവം. ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളോ ഗ്ലൗസോ പോലുമില്ലാതിരുന്ന ഗുരുതര സാഹചര്യത്തിൽ, സഹയാത്രികയായ നഴ്സിന്റെ അസാധാരണമായ മനസ്സാന്നിധ്യമാണ് അമ്മയ്ക്കും കുഞ്ഞിനും തുണയായത്.
ട്രെയിൻ രത്നഗിരി റെയിൽവേ സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് സ്ലീപ്പർ കോച്ചിലെ യാത്രക്കാരിയായ ഉത്തർപ്രദേശ് സ്വദേശിനി അഞ്ചൽ റാത്തോഡിന് (22) പ്രസവവേദന അനുഭവപ്പെട്ടത്. ഈ സമയം ട്രെയിനിലുണ്ടായിരുന്ന അമൃതസർ സ്വദേശിനിയായ നഴ്സ് അമൻദീപ് കൗർ രക്ഷകയായി രംഗത്തെത്തുകയായിരുന്നു. യാതൊരു മെഡിക്കൽ സൌകര്യങ്ങളും ഇല്ലാതിരുന്ന സാഹചര്യത്തിൽ സഹയാത്രികരിൽ നിന്ന് ശേഖരിച്ച സാധാരണ കത്തിയുമായും തയ്യൽ നൂലുമായും അവർ പ്രസവമെടുക്കാൻ മുന്നിട്ടിറങ്ങി. കോച്ചിലെ മറ്റ് യാത്രക്കാരായ സ്ത്രീകളുടെ സഹായത്തോടെ തുണികൾ ഉപയോഗിച്ച് താൽക്കാലിക മറയൊരുക്കിയാണ് പ്രസവത്തിനുള്ള സാഹചര്യമൊരുക്കിയത്.
അമൻദീപ് കൗറിന്റെ ധീരമായ ഇടപെടലിൽ അഞ്ചൽ റാത്തോഡ് ആരോഗ്യവാനായ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. കത്തിയുപയോഗിച്ച് പൊക്കിൾക്കൊടി വിജയകരമായി വേർപെടുത്തുകയും ചെയ്തു. ട്രെയിൻ രത്നഗിരി സ്റ്റേഷനിലെത്തിയ ഉടൻ റെയിൽവേ ഡോക്ടറായ ഡോ. സന്ദീപ്, ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ വിജേഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രാഥമിക ശുശ്രൂഷകൾ നൽകി. തുടർന്ന് വിദഗ്ധ പരിചരണത്തിനായി അമ്മയെയും കുഞ്ഞിനെയും രത്നഗിരിയിലെ സർക്കാർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.